ആലുവ: തടവുകാർക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ താമസിപ്പിക്കാനായി മുൻകരുതലെന്ന നിലയിൽ ആലുവ സബ് ജയിൽ ഐസൊലേഷൻ വാർഡ് ആക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇന്നലെ ആലുവ സബ് ജയിലിൽ നിലവിലുണ്ടായിരുന്ന 65 തടവുകാരെയും വിവിധ ജയിലുകളിലേക്ക് മാറ്റി.
ഇന്ന് ഡോക്ടർമാരെത്തി പരിശോധിച്ച് ഐസൊലേഷൻ വാർഡിന് യോഗ്യമാണെന്ന് ഉറപ്പാക്കും. എറണാകുളം ജില്ലാ ജയിൽ, മട്ടാഞ്ചേരി, മൂവാറ്റുപുഴ, തൊടുപുഴ, വിയ്യൂർ ജെയിലുകളിലേക്കായിട്ടാണ് തടവുകാരെ എത്തിച്ചത്.
മൂന്ന് പോലീസ് ബസുകളിലായാണ് തടവുകാരെ കൊണ്ടുപോയത്. ആദ്യം വിയ്യൂരിലേക്കും തൊടുപുഴയിലേക്കും മൂവാറ്റുപുഴയിലേക്കുമുള്ള തടവുകാരെയാണ് കൊണ്ടുപോയത്. ഈ ബസുകൾ തിരിച്ചെത്തിയ ശേഷം ജില്ലാ ജയിലിലേക്കും മട്ടാഞ്ചേരിയിലേക്കും ബാക്കിയുള്ളവരെയും കൊണ്ടുപോയി.
എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ തുടങ്ങിയ നാല് ജില്ലകൾ അടങ്ങുന്നതാണ് ജയിൽ വകുപ്പിന്റെ മധ്യമേഖല. ഈ ജില്ലയിലെ തടവുപുള്ളികളെ ഉദ്ദേശിച്ചാണ് ആലുവയിൽ ഐസൊലേഷൻ വാർഡ് വരുന്നത്.
ആലുവ സബ് ജയിലിലെ കാന്റീൻ ബ്ലോക്ക് പൊളിച്ച് പുതിയ കെട്ടിടം നിർമിക്കുന്നതിന് 1.85 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. മാർച്ച് 31നകം നിർമാണം ആരംഭിക്കാനിരിക്കെയാണ് ഐസൊലേഷൻ വാർഡ് ആക്കാൻ ഉന്നതതല തീരുമാനമുണ്ടായത്.
ഐസൊലേഷൻ വാർഡിന്റെ ആവശ്യമുണ്ടായില്ലെങ്കിൽ കാന്റീൻ കെട്ടിടം പൊളിച്ച് പുതിയ മൂന്ന് നില കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കും. താഴെ അടുക്കളയും മുകളിൽ ജീവനക്കാർക്കുള്ള വിശ്രമ മുറികളും ഏറ്റവും മുകളിൽ ഹാളുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
താഴത്തെ നിലയുടെ നിർമാണം കഴിഞ്ഞാലെ ആലുവയിലേക്ക് തടവുകാരെ കൊണ്ടുവരൂ. വ്യാഴാഴ്ച്ചയാണ് ഇതുസംബന്ധിച്ച് ജയിൽ ഡിജിപിയുടെ സർക്കുലർ ആലുവ ജയിൽ സൂപ്രണ്ട് കെ.എ. അബ്ദുൾ ജലീലിന് ലഭിച്ചത്. ഉടനെ തടവുകാരെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.