ചിക്കാഗോ: അമേരിക്കയിൽ ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് കൊറോണ വൈറസ് ബാധിച്ചു. ഇത്തരത്തിലുള്ള ആദ്യത്തെ കേസാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിക്കാഗോയിൽ ഭാര്യയിൽ നിന്ന് ഭർത്താവിനാണ് കൊറോണ ബാധിച്ചത്.
വുഹാനിൽനിന്നും കൊറോണ വൈറസ് ബാധിച്ച് നാട്ടിലെത്തിയ ചിക്കാഗോ സ്വദേശിയായ സ്ത്രീയുടെ അറുപതുകാരനായ ഭർത്താവിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇയാളുടെ നില തൃപ്തികരമാണെന്ന് ചിക്കാഗോ ആരോഗ്യ വിഭാഗം അറിയിച്ചു. ഭാര്യ ചിക്കാഗോയിലെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. പിതാവിനെ പരിചരിക്കാനായാണ് ഇവർ വുഹാനിൽ പോയത്.
ഇല്ലിനോയിസിൽ കൊറോണ രണ്ടു പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ 21 പേർ നിരീക്ഷണത്തിലുമുണ്ട്. യുഎസിൽ ആകെ ആറു പേർക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 165 പേർ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യ വിഭാഗം പറയുന്നു.
ചൈനയിൽ കൊറോണ വൈറസ് മൂലം ഇതുവരെ 170 പേരാണ് മരിച്ചത്. ഹുബൈ പ്രവിശ്യയിൽ 24 മണിക്കൂറിനുള്ളിൽ പുതുതായി 38 മരണം റിപ്പോർട്ടു ചെയ്തു. ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7711 ആയി ഉയർന്നു.
രോഗബാധിതരുമായി സമ്പർക്കമുള്ളതിന്റെ പേരിൽ നിരീക്ഷണത്തിലുള്ളവ രുടെ എണ്ണം 88,693 ആണെന്ന് ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നതായി ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. മറ്റു രാജ്യങ്ങളിലും കൊറോ ണബാധിതരുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ ലോകമെങ്ങും മുൻകരുതൽ നടപടികൾ ശക്തമാക്കി.
ഇതിനിടെ കൊറോണ വൈറസിന്റെ വ്യാപനത്തെ നേരിടാൻ ലോകാരോഗ്യ സംഘടന (ഡബ്യുഎച്ച്ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ലോകം മുഴുവൻ ഇപ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും രാജ്യങ്ങൾ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. വൈറസ് പടരുന്നതിനെ തുടർന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഒരാഴ്ച മുൻപു തന്നെ ആവശ്യമുയർന്നിരുന്നു.