അമേരിക്കയിൽ കൊറോണ വൈറസ് വ്യാപനം ചൈനയെപ്പോലും പിന്തള്ളുകയാണെന്ന വാർത്ത പലരേയും അന്പരിപ്പിച്ചിട്ടുണ്ട്. ജനുവരി 20ന് വാഷിംഗ്ടൺ സംസ്ഥാനത്ത് ആദ്യ കൊറോണബാധ സ്ഥിരീകരിച്ചശേഷം 1,88,647 കേസുകളാണ് ഇപ്പോൾ വരെ റിപ്പോർട്ടു ചെയ്തിട്ടുള്ളത്, നാലായിരത്തിലധികം മരണങ്ങളും. ഈ ലേഖനം അച്ചടിച്ചുവരുന്പോൾ ആ സംഖ്യ വീണ്ടും വർധിച്ചിട്ടുണ്ടാവും.
മാർച്ച് 17-ാം തീയതിയോടെ അമേരിക്കയിലെ അന്പതു സംസ്ഥാനങ്ങളിലും കൊളംബിയാ ഡിസ്ട്രിക്ടിലും രോഗം എത്തിയതായി സ്ഥിരീകരിക്കപ്പെട്ടു.
ഇപ്പോഴത്തെ കണക്കനുസരിച്ച്, ന്യൂയോർക്ക്, ന്യൂജേഴ്സി, കലിഫോർണിയ, വാഷിംഗ്ടൺ, മാസച്യൂസെറ്റ്സ്, ഫ്ളോറിഡ എന്നീ സംസ്ഥാനങ്ങളാണ് മുന്പന്തിയിൽ. ന്യൂയോർക്കിലും ന്യൂജേഴ്സിയിലുമൊക്കെയുള്ള സന്പന്നരിൽ പലരും അവർക്കു ഫ്ളോറിഡയിലുള്ള ശീതകാല വസതികളിലേക്ക് എത്തിയതാണ് ഇവിടെ സ്ഥിതിഗതികൾ വഷളാക്കിയത്.
അമേരിക്കയിലോ?
വൈദ്യശാസ്ത്രരംഗത്തും വിദ്യാഭ്യാസത്തിലും സാമൂഹ്യാവബോധത്തിലുമൊക്കെ അത്യാധുനിക നിലവാരം പുലർത്തുന്ന അമേരിക്കയിൽ ഇതെങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യമുയരുന്നുണ്ട്.
അമേരിക്കൻ പൗരന്മാരും അവിടെ സ്ഥിരതാമസ വീസായുള്ളവരുമായ അനേകായിരംപേർ ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടു തിരികെയെത്തിയതാണു തുടക്കം. ചൈനയിൽ നിന്നുള്ള യാത്രാനിരോധനത്തിനുശേഷം യൂറോപ്പിൽ നിന്നുള്ള ഫ്ളൈറ്റുകളും അമേരിക്ക നിർത്തിവച്ചപ്പോഴേക്കും കൊറോണ പല സ്ഥലങ്ങളിലും എത്തിക്കഴിഞ്ഞിരുന്നു.
ജനസാന്ദ്രതയിൽ മുന്നിൽ നില്ക്കുന്ന ന്യൂയോർക്ക്, ലോസ് ആഞ്ചലസ് തുടങ്ങിയ നഗരങ്ങളിൽ വൈറസ് വ്യാപനം അതീവ വേഗത്തിലായിരുന്നു. മുംബൈ നഗരത്തിലും ഡൽഹിയിലെ ചാന്ദ്നി ചൗക്കിലുമൊക്കെ വൈറസ് വ്യാപനമുണ്ടായാൽ സംഭവിക്കുന്ന സാഹചര്യമാണ് ഈ നഗരങ്ങളിലും.
ജനസാന്ദ്രത, പരസ്പര സന്പർക്ക സാധ്യത, പൊതുഗതാഗതത്തെ ആശ്രയിക്കൽ, അനേകായിരങ്ങൾ ഒന്നിച്ചു ജോലിചെയ്യുന്ന വൻ സൗധങ്ങൾ, അവയിലെ എലവേറ്റർ, എക്സലേറ്റർ ഇവയെല്ലാം വൈറസ്ബാധ വേഗം വ്യാപിക്കുന്നതിനുള്ള അനുകൂല ഘടകങ്ങളായിരുന്നു.
ന്യൂയോർക്കും ന്യൂജേഴ്സിയുമൊക്കെ സാമൂഹ്യ സന്പർക്ക നിബന്ധനകൾ ഏർപ്പെടുത്തിയപ്പോഴേക്കും സിറ്റികളിൽ വൈറസ് വ്യാപകമായി പിടിമുറുക്കിക്കഴിഞ്ഞിരുന്നു. ന്യൂയോർക്ക് സിറ്റിയിലെ ടൂറിസ്റ്റ് സങ്കേതങ്ങളും ജനബാഹുല്യത്തിനു പ്രശസ്തമായ ടൈം സ്ക്വയർപോലും വിജനമായപ്പോഴേയ്ക്കും നഗരപ്രാന്തങ്ങളിൽ താമസിക്കുന്നവരുടെ ഭവനങ്ങൾക്കുള്ളിൽ വൈറസ് പടർന്നു കഴിഞ്ഞിരുന്നു.
ലൂയീസിയാന സംസ്ഥാനത്തെ ന്യൂ ഓർലീൻസിൽ “മാർഡിഗ്രാ’ ആഘോഷത്തിന് ധാരാളമാളുകൾ വന്നു ചേർന്നതും സിറ്റിയുടെ ദരിദ്രാവസ്ഥയും മോശം ആരോഗ്യപരിപാലന സൗകര്യവും ഒന്നുചേർന്നപ്പോൾ സ്ഥിതി വഷളായി.
അങ്ങനെ സാമൂഹ്യവ്യാപനം തുടങ്ങിക്കഴിഞ്ഞാണു പലയിടത്തും സത്വര നടപടികളാരംഭിച്ചത്. ആളുകൾ ഒത്തുചേരുന്ന തിയറ്ററുകൾ, സ്പോർട്സ് അരീനകൾ, ബീച്ചുകൾ, പാർക്കുകൾ എന്നിവ തുടങ്ങി ഡിസ്നി വേൾഡ്, യൂണിവേഴ്സൽ, സീ വേൾഡ് തീം പാർക്കുകൾക്കെല്ലാം പൂട്ടുവീണു. എന്നാൽ, കേരളത്തിലേപ്പോലെ തന്നെ, മനുഷ്യമനസുകൾ താഴിട്ടുപൂട്ടുക എളുപ്പമായിരുന്നില്ല. ഗവൺമെന്റിന്റെ ശക്തമായ നപടികൾ മൂലം കേരളമിപ്പോൾ നേരായ ദിശയിലേക്കു നീങ്ങിത്തുടങ്ങിയെങ്കിലും അമേരിക്കയിൽ സ്ഥിതി വ്യത്യസ്തമാണ്.
സ്വാതന്ത്ര്യാവബോധം
പല സംസ്ഥാനങ്ങളുമിപ്പോൾ, യാത്രാ വിലക്കുകൾ ഏർപ്പെടുത്തുകയും സാമൂഹ്യ സന്പർക്കം പരിമിതപ്പെടുത്തുകയും ചെയ്തെങ്കിലും സ്വാതന്ത്ര്യത്തിനു വലിയ മൂല്യം കല്പിക്കുന്ന അമേരിക്കൻ ജനത അവയ്ക്കു ചെവികൊടുക്കാൻ തയാറാകുന്നില്ല.
ന്യൂയോർക്ക് തുടങ്ങിയ സിറ്റികളിൽ ജനങ്ങൾ ചുറ്റിത്തിരിയുന്നതു പാടേ കുറഞ്ഞെങ്കിലും മറ്റു സ്ഥലങ്ങളിൽ അത് അത്ര തന്നെ ഫലപ്രദമായി പാലിക്കപ്പെടുന്നില്ല. തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പരിമിതപ്പെടുത്താൻ ഗവൺമെന്റിന് അവകാശമില്ല എന്നാണവരുടെ ചിന്ത.
സ്കൂളുകൾ അടച്ചു, ആരാധനാലയങ്ങൾ വിശ്വാസികൾക്കൊപ്പമുള്ള കർമ്മങ്ങൾ നിർത്തിവച്ചു. റസ്റ്റോറന്റുകളും ബാറുകളും ഹോം ഡെലിവറി മാത്രമാക്കി, വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തനസമയം നിയന്ത്രിച്ചു. എങ്കിൽപ്പോലും വീടുകൾക്കുള്ളിൽ ദിവസം മുഴുവൻ അടച്ചിരിക്കുക പലർക്കും അസാധ്യമാവുകയാണ്.
നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ സ്റ്റോറുകളിലും മറ്റാവശ്യങ്ങൾക്കായി വിവിധ സ്ഥാപനങ്ങളിലുമൊക്കെ എത്താനായി ആളുകൾ സഞ്ചരിക്കുകമൂലം റോഡുകളിൽ വാഹനങ്ങൾക്കു യാതൊരു കുറവും കാണാനില്ല.
എവിടേയ്ക്കു പോകാനും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി വിശേഷമാകാം കാരണം. “”ഈ മനുഷ്യരെല്ലാം എങ്ങോട്ടാണീ പോകുന്നത്” എന്നു ചിന്തിച്ചു പോകുമെങ്കിലും ഓരോരുത്തർക്കും അവരവരുടെ കാരണങ്ങളുണ്ട്. പലരും നിയന്ത്രണങ്ങൾ സ്വീകരിക്കാൻ വിമുഖതയുള്ളവരുമാണ്.
സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ അധ്യായനം ഓൺലൈൻ ആക്കിക്കഴിഞ്ഞപ്പോൾ മാതാപിതാക്കൾക്ക് കുട്ടികളെ വീട്ടിൽത്തന്നെ ഒതുക്കിയിരുത്തുന്നതും വലിയ വെല്ലുവിളിയായിട്ടുണ്ട്. കംപ്യൂട്ടർ ഗെയിമുകളും മറ്റു കളികളുമൊക്കെയായി അവർ കഴിയുന്നത്ര കുട്ടികളെ പ്രവർത്തന നിരതരാക്കുകയാണു ചെയ്യുന്നത്.
കൊറോണ വൈറസ് തങ്ങളുടെ സമീപ പ്രദേശങ്ങളിലെത്തിക്കഴിഞ്ഞിരിക്കുന്നു എന്ന ഭയം ഉള്ളിലുള്ളപ്പോഴും എനിക്കൊന്നും വരില്ല എന്ന ബോധം അനേകരിലുണ്ട്. അതുകൊണ്ടുതന്നെ അമേരിക്കയിൽ കൊറോണ വ്യാപനവും മരണവും വർധിക്കുന്നുമെന്നതിൽ സംശയമില്ല.
ചികിത്സാലഭ്യത
അമേരിക്കയിൽ ചികിത്സാ സൗകര്യങ്ങൾ ലോകത്തിൽ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്പോഴും ഇത്തരത്തിൽ വ്യാപകമായ പകർച്ചാരോഗത്തെ നേരിടാൻ സന്നദ്ധമല്ലാതിരുന്നതുകൊണ്ട്, അനേകം രോഗികൾ ഒന്നിച്ചെത്തുന്പോൾ അതു കൈകാര്യം ചെയ്യാൻ മെഡിക്കൽ വിഭാഗം സജ്ജമല്ല. രോഗം നിർണയിക്കാൻ വേണ്ട കിറ്റുകൾ, ഐസിയു സൗകര്യങ്ങൾ, വെന്റിലേറ്ററുകൾ ഇവയൊന്നും ആവശ്യാനുസരണം ലഭ്യമാകില്ല.
പല മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും അമേരിക്കൻ കന്പനികൾ ലാഭം നോക്കി ചൈനയിൽ നിർമിച്ചിരുന്നതുകൊണ്ട് കൊറോണ മൂലമുണ്ടായ ഇറക്കുമതി ഉപരോധമാണ് ഈ സാഹചര്യമുണ്ടാക്കിയത്.
ഓരോ രോഗിയേയും കണ്ടശേഷം ഇവിടത്തെ ഡോക്ടർമാർ തങ്ങളുപയോഗിച്ച മാസ്കുകളും കൈയുറയും മറ്റു സുരക്ഷാ വസ്ത്രങ്ങളും ഉപേക്ഷിക്കുന്ന പതിവു പോലും മാറ്റാൻ ഇപ്പോൾ നിർബന്ധമിതരായിരിക്കുന്നു.
ഇപ്പോഴത്തെ സ്ഥിതിവിശേഷം നേരിടാൻ ഒരു ഹോസ്പിറ്റലും സജ്ജമല്ല എന്ന മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായം ആശങ്കയുളവാക്കുന്നു. ഇറ്റലിയിലും മറ്റും സംഭവിച്ചതുപോലെ, പ്രായാധിക്യമുള്ളവരെ സ്വയരക്ഷയ്ക്കു വിട്ടുകൊണ്ട് ചെറുപ്പക്കാർക്കുമാത്രം വെന്റിലേറ്ററുകളും മറ്റും ലഭ്യമാക്കുന്ന സാഹചര്യമുണ്ടാകുമോയെന്നു പലരും ഭയപ്പെടുന്നു.
ആദ്യഘട്ടത്തിൽ കൊറോണ വ്യാപനത്തെ അത്ര ഗൗരവമായി കണക്കാക്കാൻ വിസമ്മതിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇപ്പോൾ വൈറ്റ് ഹൗസിൽ ദിവസേന അവലോകന കോൺഫറൻസ് നടത്തുന്നതുകൂടാതെ, സംസ്ഥാന ഗവർണർമാരുമായി ആശയവിനിമയം നടത്തി കൂടുതൽ സത്വരമായ നടപടികൾ സ്വീകരിക്കുന്നു.
എങ്കിലും, പ്രതിരോധ പ്രവർത്തനങ്ങൾ പ്രായോഗികമാക്കുന്നതിൽ വളരെ നിർണായകമായിരുന്ന ആദ്യത്തെ ആറ് ആഴ്ചകൾ നഷ്ടമാക്കിയത് ഗവൺമെന്റിന്റെ വൻ വീഴ്ചയായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
നാലു വർഷക്കാലം അമേരിക്കയുടെ അന്തർദേശീയ ദുരന്ത നിവാരണ സംരംഭത്തിന്റെ നേതൃത്വം വഹിച്ച ജെറെമി കോനിൽഡിക്ക് നടത്തിയ പരാമർശം ശ്രദ്ധേയമായി. “”അടിസ്ഥാന ഭരണപാടവത്തിന്റെയും നേതൃത്വ ധിഷണയുടെയും ആധുനിക കാലത്തെ ഏറ്റവും ദാരുണമായ പരാജയമാണ് നാം കണ്ടത്.” നഷ്ടപ്പെട്ട ആഴ്ചകളെ മറികടക്കാനെന്നവിധം സത്വര നടപടികളിലേയ്ക്കു ദേശീയ, സംസ്ഥാന ഗവൺമെന്റുകൾ ഇപ്പോൾ നീങ്ങിത്തുടങ്ങിയിട്ടുണ്ട്.
ഏറ്റവും തീവ്രമായ ആഘാതമേറ്റ ന്യൂയോർക്കിൽ സെൻട്രൽ പാർക്ക്, ഗ്രാൻഡ് സ്ലാം ടെന്നീസ് ഗ്രൗണ്ട്, അമേരിക്കൻ നേവിയുടെ ഒരു ഹോസ്പിറ്റൽ കപ്പൽ തുടങ്ങിയവയെല്ലാം താത്കാലിക ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. ഇപ്രകാരം യുദ്ധകാല സമാനമായ അടിയന്തര സന്നാഹങ്ങൾ കൊറോണാ ബാധിച്ചിട്ടുള്ള നഗരങ്ങളിലെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു.
ഇതിനിടെ, ചൈന പറയുന്ന കണക്കുകളെല്ലാം ശരിയാണെന്നു ധരിച്ച്, കേരളത്തിലെ ചില ചാനലുകളിൽ അമേരിക്കൻ സാഹചര്യം ചൈനയിലേതിനേക്കാൾ തീർത്തും മോശമാണെന്നു തട്ടിവിടുന്നതു കേട്ടു. ചൈനയിൽ മരണം 3,200ൽ ഒതുങ്ങിനിന്നപ്പോൾ അമേരിക്കയിലും യൂറോപ്പിലും ഇപ്പോൾത്തന്നെ മരണം എത്രയോ അധികരിച്ചിരിക്കുന്നെന്നും പറഞ്ഞു.
ചൈന പുറത്തുവിടുന്ന വിവരങ്ങൾ ശരിയാണെന്നാണു പാവങ്ങൾ ധരിച്ചുവശായിരിക്കുന്നത്. ചൈനയും ഉത്തര കൊറിയയും റഷ്യയുമൊക്കെ ഇപ്പോഴും ഇരുന്പുമറയ്ക്കുള്ളിലാണെന്നും അവർ പുറത്തറിയുന്ന വിവരങ്ങൾ അവർപോലും വിശ്വസിച്ചുകൊണ്ടല്ലെന്നും എല്ലാവർക്കും അറിയാമെങ്കിലും ചിലരതു കണ്ടില്ലെന്നു നടിക്കുകയാണ്.
അമേരിക്കൻ ആശുപത്രികളെല്ലാം കൊറോണ ബാധിതരെ ഉൾക്കൊള്ളാൻ തീവ്രശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്പോൾ, വിവിധ കന്പനികൾ ആശുപത്രികൾക്കാവശ്യമായ വെന്റിലേറ്ററുകൾ, മാസ്കുകൾ എന്നീ ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള ശ്രമത്തിലുമാണ്.
എങ്കിലും അമേരിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) ഡയറക്ടർ ഡോ. റോബർട്ട് റെഡ് ഫീൽഡ് പറഞ്ഞതാണു വാസ്തവം. “”ഈ വൈറസ് നമ്മോടു കൂടെ കുറേക്കാലത്തേയ്ക്ക് ഉണ്ടാകും.”
ജോസ് കല്ലുകളം, ഫ്ളോറിഡ