കോവിഡ് ഈ ലോകത്തു നിന്ന് അത്രയെളുപ്പത്തില്‍ പോകില്ലെന്ന് ഉറപ്പായതോടെ മനുഷ്യവംശത്തിന്റെ തന്നെ ആശങ്കയേറുകയാണ്. ഇപ്പോള്‍ പുറത്തു വരുന്ന ചില വിവരങ്ങള്‍ കൂടുതല്‍ ആശങ്കാജനകമാണ്.
വൈറസിനെ തുരത്താന്‍ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡി ശരീരത്തിലെ തന്നെ ആരോഗ്യമുള്ള കോശങ്ങളെത്തന്നെ ആക്രമിച്ചേക്കാം എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നത്.
ഇത്തരം തെമ്മാടിക്കോശങ്ങളുടെ ആക്രമണത്തിന് വിധേയമായാല്‍, ശരീരം കോവിഡില്‍ നിന്നും മുക്തി നേടിയാലും, രോഗ ലക്ഷണങ്ങള്‍ പിന്നെയും നിലനില്‍ക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹെപ്പറ്റൈറ്റിസ്, റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ലൂപ്പസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കാണുന്നതിനോട് സമാനമായ ഓട്ടോഇമ്മ്യുണ്‍ ആന്റിബോഡികളാണ് കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരിലും കാണുന്നത്.
ഈ ആന്റിബോഡികളുടെ ആക്രമണത്തിന് വിധേയമായി ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ ഒരുപക്ഷെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍, ഇപ്പോള്‍ ഈ തെമ്മാടികളെ തിരിച്ചറിഞ്ഞതിനാല്‍, രോഗലക്ഷണങ്ങളുടെ ഗുരുതരാവസ്ഥയെങ്കിലും കുറയ്ക്കാനുള്ള പ്രതിവിധി കണ്ടെത്താന്‍ കഴിയും എന്നാണ് ശാസ്ത്രലോകം പ്രത്യാശിക്കുന്നത്.
ഇത്തരത്തില്‍ ദീര്‍ഘകാലം കോവിഡ് ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ബ്രിട്ടനില്‍ 110 പേരുടെ ഒരു ഗ്രൂപ്പില്‍ നടത്തിയ പഠനത്തില്‍ അതില്‍ 81 പേര്‍, രോഗം ഭേദമായി ആശുപത്രി വിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് തെളിഞ്ഞത്.
മൊത്തം രോഗികളുടെ 74 ശതമാനത്തോളം വരും ഇത്. എന്നാല്‍, കൂടുതല്‍ കര്‍ശനമായ സാഹചര്യത്തില്‍ നടന്ന മറ്റൊരു പഠനത്തില്‍ പത്തില്‍ ഒരാള്‍ക്ക് വീതം ഇത്തരത്തിലുള്ള ദീര്‍ഘകാല കോവിഡ് ബാധ ഉണ്ടാകുന്നതായി തെളിഞ്ഞു.
കോവിഡ് മുക്തരായതിന്റെ തിക്തഫലം അനുഭവിക്കുന്നവരില്‍ വിവിധ ആരോഗ്യങ്ങളുള്ളവരുണ്ട്. പലര്‍ക്കും പല രീതിയിലാണ് ലക്ഷണങ്ങള്‍ കാണിക്കുക. പൊതുവെ നല്ല ആരോഗ്യമുള്ളവരാണ് ഇവരില്‍ മിക്കവരെന്നതും അതിശയിപ്പിക്കുന്ന കാര്യമാണ്.
ഗുരുതരമായ രോഗബാധയുണ്ടായ എല്ലാവരിലും ഇത്തരത്തില്‍ ലക്ഷണങ്ങള്‍ തുടരുന്നുമില്ല. ചില ശാസ്ത്രജ്ഞര്‍ രോഗിയുടെ ജനിതകഘടനയെ ഇതുമായി ബന്ധപ്പെടുത്താനാണ് ശ്രമിച്ചത്.
എന്നാല്‍ ഇപ്പോള്‍ എംറോയ് ടീം കോവിഡ് ബാധിച്ചവരുടെ ശരീരത്തില്‍ രൂപപ്പെടുന്ന പ്രതിരോധ കോശങ്ങളുടെ അമിത പ്രതികരണവുമായി ഇത്തരത്തിലുള്ള ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളെ ബന്ധപ്പെടുത്തിയിരിക്കുകയാണ്.
കോവിഡ്-19 രോഗിയുടെ രക്തത്തിലുള്ള ചില പ്രതിരോധ പ്രോട്ടീനുകളും കോശങ്ങളുമാണ് ആന്റിബോഡി ആക്രമണത്തിന്റെ ദിശ മാറ്റുന്നത് എന്ന് അവര്‍ കണ്ടുപിടിച്ചു.
ഒരു വൈറസിനേയോ ബാക്ടീരിയയോ പോലുള്ള ഒരു രോഗകാരിയുടെ സാന്നിദ്ധ്യമറിയുമ്പോള്‍ രക്തകോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് പ്രതിരോധ പ്രോട്ടീനുകള്‍.
രോഗകാരിയുടെ ജനിതകഘടന മനസ്സിലാക്കിയാണ് ഉചിതമായ ആയുധമായി ഇത്തരത്തിലുള്ള ആന്റിബോഡികളെ നിര്‍മ്മിക്കുന്നത്. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍, മനുഷ്യന്റെ ജനിതക ഘടകങ്ങളെ രോഗകാരികളായി ശരീരത്തിലെ പ്രതിരോധ സംവിധാനം തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. അപ്പോഴാണ് മനുഷ്യകോശങ്ങള്‍ക്ക് നേരെ ആന്റിബോഡികള്‍ ആക്രമണം അഴിച്ചുവിടുന്നത്.
ഇത്തരത്തില്‍, മനുഷ്യ കോശങ്ങളെ ആക്രമിക്കുന്ന അന്റിബോഡികളാണ് ഓട്ടോ ആന്റിബോഡികള്‍ എന്നറിയപ്പെടുന്നത്. ശരീരത്തില്‍ വീക്കം അനുഭവപ്പെടുമ്പോഴും കോശമരണം സംഭവിക്കുമ്പോഴും ഇത്തരത്തിലുള്ള ഓട്ടോആന്റിബോഡികള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നാണ് സിയാറ്റിലിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ ഇമ്മ്യുണോളജിസ്റ്റായ ഡോ. മാരിയോണ്‍ പെപ്പര്‍ പറയുന്നത്. ഇത്തരം ആന്റിബോഡികള്‍ ദീര്‍ഘകാല കോവിഡ് രോഗികളില്‍ ഹൃദ്രോഗത്തിനു വഴിവെക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.