
ആര്യങ്കാവ്: കേരള തമിഴനാട് അതിര്‍ത്തിയായ പുളിയറയില്‍ കോവിഡ് 19 മായി ബന്ധപ്പെട്ട പരിശോധന കര്‍ക്കശമാക്കി തമിഴനാട് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം വരെ കാറും ജീപ്പും അടക്കമുള്ള വാഹനങ്ങള്‍ക്ക് ചില നിബന്ധനകളോടെ സംസ്ഥാനത്തേക്ക് പ്രവേശനം നല്‍കിയിരുന്നു.
എന്നാല്‍ ഇന്നലെ ഗതി മാറി. കെഎസ്ആര്‍ടിസി, ചരക്ക് വാഹനങ്ങള്‍ അല്ലാതെ യാതൊരുവിധ വാഹനങ്ങള്‍ക്കും ഇപ്പോള്‍ പ്രവേശനമില്ല. എന്നാല്‍ പുളിയറക്ക് സമീപ പ്രദേശത്തെക്ക് പോലും വാഹനങ്ങള്‍ കടത്തിവിടാന്‍ അധികൃതര്‍ തയാറാകാത്ത തമിഴനാട് അധികൃതരുടെ നപടി പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.
അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല. പോലീസിന്റെ സഹായത്തോടെ ഇവിടേക്ക് എത്തുന്ന ചെറിയ വാഹനങ്ങള്‍ തടയുകയും തിരിച്ചുവിടുകയുമാണ്. തമിഴനാട് ആരോഗ്യവകുപ്പ് ഇപ്പോള്‍ ചെയ്യുന്നത്.
എന്നാല്‍ പരിശോധന കൂടുതല്‍ ശക്തമാക്കിയതോടെ കൊല്ലം-തിരുമംഗലം പാതയില്‍ രൂക്ഷമായ ഗതാഗതം കുരുക്കും ആരംഭിച്ചിട്ടുണ്ട്. ചരക്ക് ലോറികളും കേരളത്തില്‍ നിന്നുമുള്ള കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങളും മണിക്കൂറുകള്‍ കാത്തുകിടന്നശേഷമാണ് അതിര്‍ത്തി വിടുന്നത്.
വാഹനങ്ങളുടെ നീണ്ട നിര കിലോമീറ്ററുകള്‍ താണ്ടി ഇപ്പോള്‍ കേരള അതിര്‍ത്തിവരെ കാണാം. രൂക്ഷമായ ഗതാഗതം കുരുക്കില്‍ അവശ്യ സര്‍വീസുകളും കുടുങ്ങുന്നത് വലിയ പരാതികള്‍ക്ക് വഴിവച്ചിട്ടുണ്ട്. തമിഴ്നാട് അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റ്കള്‍ അടച്ചേക്കും എന്ന സൂചനയും ലഭിക്കുന്നുണ്ട്.
അങ്ങനെ വന്നാൽ കേരള അതിര്‍ത്തിയായ ആര്യങ്കാവ് പ്രദേശത്തും, ഇവിടെ നിന്നും അച്ചന്‍കോവില്‍ പ്രദേശത്തേക്കും പോകുന്നതിന് കിലോമീറ്ററുകള്‍ അധികം സഞ്ചരിക്കേണ്ടി വരും. അതേസമയം ആര്യങ്കാവില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന പരിശോധനയും ഇപ്പോള്‍ സജീവമായി നടന്നുവരികയാണ്.