ന്യൂഡൽഹി: ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ ബി.1.617 വകഭേദത്തെ ഇന്ത്യൻ വകഭേദം എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ.
“ഇന്ത്യൻ വേരിയന്റ്’എന്ന വാക്ക് കൊറോണ വൈറസിന്റെ ബി.1.617 വകഭേദവുമായി ലോകാരോഗ്യസംഘടന ബന്ധപ്പെടുത്തിയിട്ടില്ല.
ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
കോവിഡ് വൈറസിന്റെ ബി.1.617 വകഭേദവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ഇറക്കിയ 32 പേജുള്ള റിപ്പോർട്ടിൽ എവിടെയും ഇന്ത്യൻ എന്ന വാക്കില്ല.
അതിനാൽ വൈറസിനെ ഇന്ത്യൻ വേരിയന്റ് എന്ന് വിശേഷിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617 വകഭേദം ആഗോള ഉത്കണ്ഠയാണെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു.
ഡബ്ല്യുഎച്ച്ഒ ആഗോള ഉത്കണ്ഠയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബി1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്.
ഇതുവരെ ഇരുപതിലധികം രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.