കോട്ടയം: കൊറോണ വ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പ് നൽകിയിട്ടുള്ള മുൻകരുതൽ നിർദേശങ്ങൾ ജില്ലയിലെ ബാങ്കുകളിലും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ.
ഉപയോക്താക്കൾ എടിഎം, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. പാസ് ബുക്ക് പ്രിന്റിംഗ്, ബാലൻസ് പരിശോധന തുടങ്ങിയ ആവശ്യങ്ങൾക്കായി ബാങ്കുകളിൽ എത്തുന്നത്് ഒഴിവാക്കണം.
കൂട്ടമായി ബാങ്കിൽ എത്താൻ പാടില്ല. അത്യാവശ്യക്കാർ മാത്രമുള്ളിൽ പ്രവേശിക്കുക. അത്യാവശ്യമില്ലെങ്കിൽ കുടുംബാംഗങ്ങൾ, കുട്ടികൾ, കൂട്ടുകാർ തുടങ്ങിയവരുമായി എത്തുന്നത് ഒഴിവാക്കുക.
ഒരേ സമയം അഞ്ചിൽ കൂടുതൽ ഇടപാടുകാർ ബാങ്കിംഗ് ഹാളിൽ നില്ക്കാതിരിക്കാനും എല്ലാവരും ഇടപാടുകൾ വേഗം പൂർത്തീകരിച്ച് മടങ്ങാനും ശ്രദ്ധിക്കണം. ചുവരുകൾ, മേശ, കൗണ്ടർ എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കാൻ ജാഗ്രത പുലർത്തണം.
നിരീക്ഷണത്തിലുള്ളവരും ജലദോഷം, പനി തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും ബാങ്കുകൾ സന്ദർശിക്കുന്നത് നിർബന്ധമായും ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.