തൃശൂർ: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ കർണാടകയിൽ നിന്നു വരുന്ന വാഹനങ്ങൾ തൃശൂർ – പാലക്കാട് ദേശീയപാതയിൽ മണ്ണുത്തിയിൽ തടഞ്ഞ് പാതിരാത്രിയിൽ വ്യാപക പരിശോധന.
ആരോഗ്യവകുപ്പും മോട്ടോർ വാഹനവകുപ്പും സംയുക്തമായാണ് ഇന്നലെ രാത്രി മുതൽ ഇന്നു രാവിലെ വരെ മണ്ണുത്തിയിൽ ഉറക്കമൊഴിച്ചിരുന്ന് ബംഗളുരുവിൽ നിന്നും റോഡ് മാർഗം വരുന്നവരെ പരിശോധിച്ചത്.
ആകെ 30 ബസുകളാണ് അധികൃതർ പരിശോധിച്ചത്. ഇതിലെ 768 യാത്രക്കാരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ ദോഹയിൽ നിന്നും ബംഗളുരുവിലെത്തി അവിടെ നിന്നും ബസിൽ വന്നിരുന്ന ഒരു യാത്രക്കാരൻ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയായിരുന്നു പരിശോധന. കോവിഡ് ബോധവത്കരണ ലഘുലേഖകളും യാത്രികർക്ക് നൽകി.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് നെടുന്പാശേരിയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ബംഗളൂരുവിൽ വിമാനമിറങ്ങി കേരളത്തിലേക്ക് വരുന്നുണ്ട്.
കുവൈറ്റടക്കമുള്ള രാജ്യങ്ങളിൽ നിന്ന് നിന്നുള്ളവർ ബംഗളൂരുവിൽ നിന്നു റോഡ് – ട്രെയിൻ മാർഗം കേരളത്തിലേക്ക് വരുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ രാത്രി ദേശീയപാത മണ്ണുത്തിയിൽ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന ആരംഭിച്ചത്.
കർണാടകയിൽ നിന്നുള്ള സ്വകാര്യ കെഎസ്ആർടിസി ബസുകളിലായിരുന്നു പരിശോധന. ഓരോ ബസിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക സ്ക്വാഡ് കയറി വിദേശത്തുനിന്ന് വരുന്ന യാത്രക്കാരുണ്ടോ എന്ന് ആരായുകയും ഉണ്ടെങ്കിൽ അവരുടെ ശരീര ഉൗഷ്മാവ് പരിശോധിച്ച് അസ്വഭാവികതയുള്ളവരെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്തത്.
ആരോഗ്യവകുപ്പ്് ടീം ലീഡർ റെജി വി മാത്യു, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിലെ എം.വി.ഐ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആരോഗ്യവകുപ്പിലെ ഷാബിർ, രാമകൃഷ്ണൻ, അൻവൻ എന്നിവർ പരിശോധനകൾ നടത്തിയത്.
ആക്ട്സിന്റെ ആംബുലൻസ് സർവീസുകളും ദേശീയപാതയിൽ സജ്ജമാക്കിയിരുന്നു. തൃശൂർ റെയിൽവേ സ്റ്റേഷനിലും ബംഗളൂരുവിൽ നിന്നുള്ള യാത്രക്കാരെ കണ്ടെത്തി പരിശോധിക്കാൻ സ്ക്വാഡ് പ്രവർത്തിക്കുന്നുണ്ട്.