വൈക്കം: വിദേശത്തു നിന്നു വീട്ടിലെത്തിയ ശേഷം ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശം അവഗണിച്ചു പൊതു സ്ഥലങ്ങളിൽ കറങ്ങി നടന്നയാൾക്കെതിരേ പോലിസ് കേസെടുത്തു.
വൈക്കം ടിവി പുരം മുത്തേടത്തുകാവ് പാലുരുത്തിൽ ബിജു (48)വിനെതിരെയാണ് വൈക്കം പോലിസ് കേസെടുത്തത്. കഴിഞ്ഞ ഒൻപതിനാണ് ഇയാൾ ദുബായിൽ നിന്നു നാട്ടിലെത്തിയത്. നാട്ടിൽ
വന്ന ഉടൻ ആരോഗ്യ വകുപ്പ് അധികൃതർ ഫോണിലും നേരിട്ടും ഇയാളുമായി ബന്ധപ്പെട്ട് വീട്ടിൽ തന്നെ കഴിയണമെന്നു നിർദേശിച്ചിരുന്നു. ഇത് അവഗണിച്ചു പലയിടങ്ങളിലും ഇയാൾ യാത്ര ചെയ്യുകയാണെന്നു ആരോഗ്യ വകുപ്പ് അധികൃതർക്കു വിവരം ലഭിച്ചിരുന്നു.
തുടർന്നു ഉദ്യോഗസ്ഥർ ഇന്നലെ വീട്ടിൽ എത്തിയപ്പോൾ ബിജു വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് ഇയാളെ ഫോണിൽ ബന്ധപ്പെട്ടു വീട്ടിലേക്കു വിളിച്ചുവരുത്തി. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ പോലിസിൽ വിവരമറിയിക്കുകയായിരുന്നു.