ഗാന്ധിനഗർ: കോട്ടയം മെഡിക്കൽകോളജിലെ ഐസൊലേഷൻ വാർഡിൽ കോവിഡ് സ്ഥിരീകരിച്ച അമ്മയ്ക്കൊപ്പം കഴിയുന്ന 19 ദിവസം പ്രായമായ ശിശുവിന്റെ കോവിഡ് പരിശോധനാഫലം ഇന്നറിയാം. ഇന്നലെ വൈകുന്നേരമാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന മാമ്മൂട് സ്വദേശിനിയുടെ നവജാത ശിശുവിനെ അമ്മയ്ക്കൊപ്പം ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്തത്.
ഇന്നലെത്തന്നെ കുഞ്ഞിന്റെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. കഴിഞ്ഞ മേയ് 12നു ദമാമിൽ നിന്നു കേരളത്തിലെത്തിയ യുവതി 13നു മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലാണ് പ്രസവിച്ചത്.
ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ 19നു ഡിസ്ചാർജ് ചെയ്തു. രണ്ടാമത്തെ പരിശോധനാ ഫലം പോസറ്റീവായതിനെ തുടർന്ന് മേയ് 28നു മെഡിക്കൽ കോളജ് ആശുപത്രി കൊറോണ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കോട്ടയം ജില്ലയിൽ 20 പേർ ചികിത്സയിൽ
കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് ബാധിച്ച് 20 പേർ ചികിത്സയിൽ. ഇന്നലെ ജില്ലയിൽ ആർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചില്ല. ഇന്നലെ ലഭിച്ച 53 പേരുടെ സാന്പിൾ പരിശോധനാഫലവും നെഗറ്റീവാണ്. ശനിയാഴ്ച ജില്ലയിൽ വിദേശത്ത് നിന്നെത്തിയ ഒരാൾക്കു കോവിഡ് ബാധ സ്ഥിരീകരിക്കുകയും ഒരാൾ രോഗ മുക്തനാവുകയും ചെയ്തിരുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നീണ്ടൂർ സ്വദേശി(31) യാണ് രോഗമുക്തനായി വീട്ടിലേക്കു മടങ്ങിയത്. ദുബായിൽ നിന്നെത്തിയ ചങ്ങനാശേരി പെരുന്പനച്ചി സ്വദേശിനിക്ക്(26) ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 11ന് എത്തിയ ഗർഭിണിയായ യുവതി ഹോം ക്വാറന്റയിനിൽ കഴിയുകയായിരുന്നു.
ഇതേ വിമാനത്തിൽ സഹയാത്രികരായിരുന്ന അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ 28നാണ് ഇവരുടെ സാന്പിൾ പരിശോധയ്ക്കയച്ചത്. ജില്ലയിൽ ഇനി ലഭിക്കാനുള്ളത് 519 പേരുടെ സ്രവ സാംപിൾ പരിശോധനാഫലം. 152 പേരുടെ സ്രവ സാംപിളാണ് ഇന്നലെ പരിശോധനയ്ക്ക് അയച്ചത്.
ഇതര സംസ്ഥാനത്തു നിന്നു വന്ന 312 പേരും വിദേശ രാജ്യത്തു നിന്നുമെത്തിയ 88 പേരുമുൾപ്പെടെ 400 പേർക്കാണ് ഇന്നലെ ഹോം ക്വാറന്റയിൻ നിർദേശിച്ചത്. ജില്ലയിൽ ആകെ 6394 പേരാണ് ക്വാറന്റയിനിൽ കഴിയുന്നത്. ഇതുവരെ വിദേശത്തുനിന്നുവന്ന 1036 പേരിൽ 905 പേർ നിരീക്ഷണത്തിലാണ്.
മേയ് ഏഴിനാണ് വിദേശത്തുനിന്നുള്ളവർ ജില്ലയിൽ എത്തിത്തുടങ്ങിയത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 5340 പേർ ഇപ്പോൾ ക്വാറന്റയിനിലുണ്ട്. കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റയിൻ കേന്ദ്രത്തിലാണ് ഏറ്റവുമധികം ആളുകളുള്ളത്; 72 പേർ.