പത്തനംതിട്ട: കോവിഡ് 19 സ്ഥിരീകരിച്ച ആളുകളുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന കുടുംബത്തിലെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി.
ഇന്നലെ രാത്രിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കോവിഡ് 19 ബാധിതരെന്നു കണ്ടെത്തി കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന വടശേരിക്കര സ്വദേശി 62 കാരി അമ്മയും അവരുടെ 28 കാരി മകളുമടങ്ങുന്ന കുടുംബവുമായി നേരിട്ടു ബന്ധമുള്ള പിഞ്ചു കുഞ്ഞും അമ്മയുമാണ് ഇപ്പോള്‍ നിരീക്ഷണത്തിലായത്.
ഇറ്റലിയില്‍ നിന്നെത്തിയ ഐത്തല സ്വദേശികളുമായി ഇടപഴകിയതിനേ തുടര്‍ന്നാണ് വടശേരിക്കര സ്വദേശികളായ അമ്മയിലേക്കും മകളിലേക്കും രോഗം പടര്‍ന്നത്. ഇവര്‍ തിങ്കളാഴ്ച മുതല്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെയാണ് ഇവരുടെ പരിശോധനാഫലം വന്നത്.
പുതുതായി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചവര്‍ അടക്കമുള്ളവരുടെ പരിശോധനാഫലം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. ഇന്നലെ പുറത്തുവന്ന പരിശോധനാഫലങ്ങളില്‍ പത്തനംതിട്ട ജില്ലയില്‍ നാലുപേര്‍ക്കു കുടിയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
ഇവരില്‍ രണ്ടുപേര്‍ കോട്ടയം മെഡി്ക്കല്‍ കോളജിലും രണ്ടുപേര്‍ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. പത്തനംതിട്ടയില്‍ ഇതേവരെ രോഗം സ്ഥിരീകരിച്ച ഒമ്പതു പേരും കോട്ടയം സ്വദേശികളായ രണ്ടുപേരും അടക്കം 11 ആളുകളും ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുമാണ്.