പത്തനംതിട്ട: ലോക്ക്ഡൗണ്‍ ഇളവുകളിൽ ജനം സാമൂഹിക അകലം മറക്കുന്നു.വീഥികളിലും സ്ഥാപനങ്ങളിലുമെല്ലാം തിരക്ക് നിയന്ത്രണത്തിനു യാതൊരു ക്രമീകരണവുമില്ല.
രോഗവ്യാപനം കൂടുന്പോഴും സാമൂഹിക അകലം മറക്കുന്നതിനെതിരെ മുന്നറിയിപ്പുകളേറെയുണ്ടായെങ്കിലും പൊതുനിരത്തുകളിൽ ഇതു പ്രകടമല്ല.
സ്ഥാപനങ്ങളും ഹോട്ടലുകളും തുറന്നതോടെയാണ് ആളുകളുടെ തിരക്ക് ഏറെയുണ്ടായത്. പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ മാത്രമാണ് കുറവുള്ളത്.
എന്നാൽ ഓട്ടോറിക്ഷകളിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ യാത്രക്കാർ കയറുന്നുമുണ്ട്. പൊതുമാർക്കറ്റുകളിലും വഴിയോരങ്ങളിലുമെല്ലാം വൻ തിരക്കാണ് പലപ്പോഴും അനുഭവപ്പെടുന്നത്.
ഔദ്യോഗിക യോഗങ്ങൾ, പൊതുപരിപാടികൾ, രാഷ്ട്രീയകക്ഷികളുടെ സമരപരിപാടികൾ അടക്കം ആളുകളുടെ എണ്ണം കൂടിത്തുടങ്ങി. പല പരിപാടികളിലും സാമൂഹിക അകലം മറക്കുന്നു.
ഒപ്പം ബ്രേക്ക് ദ ചെയിൻ കാന്പെയ്നും പിൻവലിഞ്ഞ മട്ടാണ്. സ്ഥാപനങ്ങളിലടക്കം കൈകൾ കഴുകാനുള്ള സംവിധാനങ്ങൾ മാറ്റി. സാനിറ്റൈസറും വെള്ളവും സോപ്പുമെല്ലാം പഴങ്കഥ പോലെയായി.
മാസ്ക് ധരിക്കാതെയോ അലക്ഷ്യമായി ധരിച്ചോ പുറത്തിറങ്ങുന്നവരും കുറവല്ല.