വടക്കഞ്ചേരി: യാത്രക്കാരുടെ വരവ് കാത്തിരിക്കുകയാണ് വഴിയോരങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളെല്ലാം. യാത്രക്കാർ തിങ്ങിനിറഞ്ഞിരുന്ന കാത്തിരിപ്പ് കേന്ദ്രങ്ങളെല്ലാം ഒരു മാസമായി ശൂന്യമാണ്. എവിടേയും കർശന പോലീസ് പരിശോധനകളുള്ളതിനാൽ യാചകരും സ്ഥലം വിട്ടു.
ടൗണുകളിൽ തെരുവ് നായ്ക്കൾ പോലും ഇല്ലാതായി. അടുത്ത ദിവസം തന്നെ ജില്ലക്കുള്ളിൽ ബസ് സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. സർക്കാർ പറയുംമട്ടിൽ നിയന്ത്രണങ്ങൾ പാലിച്ച് ബസ് സർവീസ് സാധ്യമല്ലെന്ന് ബസ് ഉടമകളും അറിയിച്ചിട്ടുണ്ട്.
ബസിൽ രണ്ട് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഒരാളെ ഇരുത്താൻ പാടുള്ളു, യാത്രക്കാർ നിന്ന് യാത്ര ചെയ്യരുത്, യാത്രക്കാർക്ക് ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ പാലിച്ച് ബസുകൾ ഓടിക്കാൻ ഉടമകൾ തയ്യാറാകില്ലെന്നാണ് സൂചന.
നിർദ്ദേശങ്ങൾ പൂർണമായും പാലിച്ച് ബസ് ഓടിച്ചാൽ ചെലവ് കളക്ഷൻ പോലും കിട്ടില്ലെന്നാണ് ബസുടമകൾ പറയുന്നത്. എങ്കിലും പ്രശ്നങ്ങൾ പരിഹരിച്ച് ബസ് ഓടിക്കാൻ നടപടി ഉണ്ടാകുമെന്നാണ് പ്രതീഷിക്കുന്നത്.
പൊതുഗതാഗതം ആരംഭിക്കാതെ ചെറു പട്ടണങ്ങൾ പോലും സജീവമാകില്ല. പൊതുഗതാഗതം നിരോധിച്ചത് സ്വന്തമായി വാഹനങ്ങളൊന്നും ഇല്ലാത്തവരെയാണ് ഏറെ ദുരിതത്തിലാക്കിയത്.
അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോലും ഇത്തരക്കാർ വലയുന്ന സ്ഥിതിയുണ്ട്. കോവിഡ് ഭീതിയിൽ മറ്റാരേയും വാഹനങ്ങളിൽ കയറ്റാൻ ആരും തയ്യാറാകുന്നുമില്ല.