ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിക്കുന്നതിനായി ഒന്‍പതു ദിവസം കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി നിര്‍മിച്ച് ചൈന. വുഹാന്‍ തലസ്ഥാനമായ ഹ്യുബയില് ജനുവരി 23ന് നിര്‍മാണമാരംഭിച്ച ആശുപത്രിയുടെ പണി ഞായറാഴ്ചയോടെ പൂർത്തിയായി.
ആശുപത്രിയില്‍ 419 വാര്‍ഡുകളും 30 തീവ്രപരിചരണ വിഭാഗങ്ങളുമുണ്ട്. 25,000 ചതുരശ്രമീറ്റര്‍ ചുറ്റളവിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. ജോലിക്കാരും സന്നദ്ധപ്രവര്‍ത്തകരും പോലീസുകാരുമുള്‍പ്പെടെ നിരവധി ആളുകളുടെ സഹായത്തോടെയാണ് അടിയന്തരമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.
വുഹാന്‍ നഗരത്തില്‍ നിന്നാണ് കൊറോണ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. അതേസമയം, കൊറോണ വൈറസ് ബാധയെത്തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 361 ആയി. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷനാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.