തൃശൂർ: കൊറോണക്കാലത്ത് പാലിക്കേണ്ട നിർദ്ദേശങ്ങൾ പാലിക്കാതെ വാഹനം തടഞ്ഞുനിർത്തിയുള്ള പോലീസിന്റെ പണപ്പിരിവ് നഗരത്തിലും സജീവം.
വാഹനങ്ങൾ പരിശോധിക്കുന്പോൾ അടുത്തുപോയി രേഖകളും മറ്റും പരിശോധിക്കണമെന്ന ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം ലംഘിച്ചാണ് നഗരത്തിൽ പോലീസ് വാഹന പരിശോധന നടത്തുന്നതു തന്നെ.
പല പോലീസുകാർക്കും മാസ്ക് പോലുമില്ലാതെയാണ് വാഹനങ്ങൾ തടഞ്ഞു നിർത്തി പോലീസ് ജീപ്പിനു മുന്നിൽ രശീത് എഴുതാൻ മാത്രം നിൽക്കുന്ന എസ്ഐയുടെ അടുത്തേക്ക് ആളുകളെ പറഞ്ഞു വിടുന്നത്.
ഇങ്ങനെ പലവിധത്തിലുള്ള ആളുകൾ എത്തി വാഹനത്തിൽ പിടിച്ചും കൂട്ടം കൂടിയുമൊക്കെ നിൽക്കുന്പോൾ അവരിൽ ആർക്കെങ്കിലും കൊറോണ ബാധിതരുണ്ടെന്നോ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടവർ ഉണ്ടെന്നോ പോലും ആർക്കും തിരിച്ചറിയാാകില്ല.
ഒരു ഭാഗത്ത് കൊറോണയെ എങ്ങനെ നിയന്ത്രിക്കണമെന്ന് പോലീസ് തന്നെ പ്രചരണം നടത്തുന്പോൾ മറുവശത്ത് പോലീസ് തന്നെ അത് ലംഘിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
വാഹനത്തിനടുത്തു പോയി രേഖകൾ പരിശോധിക്കാതെ എല്ലാ ആളുകളെയും റോഡിൽ നിരത്തി നിർത്തി പരിശോധിക്കുന്ന പ്രാകൃത രീതി നഗരത്തിലെ പോലീസ് ഇനിയും മാറ്റിയിട്ടില്ല.
പലവിധത്തിലുള്ള ആളുകളെത്തുന്ന നഗരത്തിൽ ഇത്തരം പരിശോധന രീതി കൊറോണ കാലത്തെങ്കിലും ഒഴിവാക്കാൻ പോലീസ് കമ്മീഷണർ ശ്രദ്ധിക്കണമെന്നാണ് നഗരവാസികളെുട ആവശ്യം. ഇപ്പോൾ കൊറോണ പടരാതിരിക്കാനുള്ള നടപടികൾക്കാണ് മുൻതൂക്കം നൽകേണ്ടത്.
പലർക്കും പോലീസിന്റെ ഇത്തരത്തിലുള്ള പരിശോധന അരോചകമായി മാറിയിരിക്കയാണ്. വിവിധ വാഹനങ്ങളിൽ വരുന്നവർ കൂടി നിൽക്കുന്നവരുടെ അടുത്തും, നിരവധി പേർ വന്ന് പണം കൈമാറുന്ന പോലീസുദ്യോഗസ്ഥരുടെ അടുത്തും നിന്ന് തിരിച്ചു പോകുന്പോൾ പലരും അസ്വസ്ഥരമായി മാറുകയാണ്.
പോലീസ് കൈകാണിച്ചാൽ നിർത്തിയില്ലെങ്കിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നതിനാൽ മാത്രമാണ് പലരും മനസില്ലാ മനസോടെ നിർത്തുന്നത്. എന്നാൽ പോലീസിന്റെ പ്രാകൃത രീതിയിലുള്ള പരിശോധന കൊറോണ കാലത്തെങ്കിലും നിർത്തിയില്ലെങ്കിൽ ജനങ്ങൾ പ്രതികരിക്കേണ്ടി വരുമെന്ന് പലരും അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ നിർദ്ദേശം പാലിച്ച് വാഹനങ്ങളുടെ അടുത്തുപോയി പരിശോധിക്കാൻ പോലീസ് തയ്യാറാകണം. അല്ലെങ്കിൽ കൊറോണ ഭീതി അകലുന്നതുവരെയെങ്കിലും പോലീസിന്റെ പ്രാകൃത രീതിയിലുള്ള പരിശോധന ഒഴിവാക്കണമെന്നാണ് അഭിപ്രായമുയരുന്നത്.
കൊറോണ ഭീതിയിൽ ഒട്ടുമിക്കയാളുകളും ബസുകളും ട്രെയിനുകളുമൊക്കെ ഒഴിവാക്കി സ്വന്തം വാഹനത്തിലാണ് ഇപ്പോൾ നഗരത്തിലെത്തുന്നത്. ഇതിനാൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം നഗരത്തിൽ കൂടുതലായി എത്തുന്നുണ്ട്.