സ്വന്തം ലേഖകൻ
തൃശൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട് നിലപാട് കടുപ്പിച്ചതോടെ പാലക്കാടൻ അതിർത്തികളിൽ സ്തംഭനാവസ്ഥ. പാത അടയ്ക്കൽ മൂന്നാം ദിവസത്തിലേക്കു കടന്നതോടെ കേരളത്തെ ബാധിച്ചു തുടങ്ങി.
തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്ന് അരിയും പച്ചക്കറിയും കോഴിയും വരുന്നതു ഗണ്യമായി കുറഞ്ഞു. ഇന്നലെ രാജ്യവ്യാപകമായ ജനതാ കർഫ്യൂ ആയിരുന്നതിനാൽ ഇന്നു വളരെക്കുറച്ചു ചരക്കു മാത്രമേ എത്തിയിട്ടുള്ളൂ.
നാളെ പതിവുപോലെ ചരക്ക് എത്തുമെന്ന പ്രതീക്ഷയാണ് തൃശൂർ ശക്തൻ മാർക്കറ്റിലെ വ്യാപാരികൾക്കുള്ളത്. ചരക്കു കൊണ്ടുവരാൻ കേരളത്തിലെ മൊത്തവ്യാപാരികളുടെ വാഹനങ്ങൾക്കു തമിഴ്നാട് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
തമിഴ്നാട്ടിൽനിന്നു വളരെ ചുരുക്കം വാഹനങ്ങളേ കേരളത്തിലേക്കു വരുന്നുള്ളൂ. അവിടെനിന്നുള്ള വാഹനങ്ങളിലെ ഡ്രൈവർക്കും ’കിളി’ക്കും അതിർത്തികളിൽ കർശന പരിശോധനയാണ്. തമിഴ്നാട് വാഹനങ്ങൾക്കു വാടക നിരക്ക് വളരെ കൂടുതലാണ്.
ഇന്നത്തെ നില തുടർന്നാൽ ഭക്ഷ്യക്ഷാമം അടക്കമുള്ള കടുത്ത ദിനങ്ങളെയാണ് കേരളം അഭിമുഖീകരിക്കേണ്ടിവരിക. എന്നാൽ ക്ഷാമം ഉണ്ടാകില്ലെന്നും ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുമെന്നുമാണ് അധികൃതർ ആവർത്തിക്കുന്നത്.
കേരളത്തിന്റെ ചെക്ക് പോസ്റ്റുകൾ എടുത്തു കളഞ്ഞെങ്കിലും തമിഴ്നാട്ടിൽ ഇപ്പോഴും വിവധ വകുപ്പുകളുടെ ചെക്പോസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യ സുരക്ഷാ ക്രമീകരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തമിഴ് അധികൃതർ ഇപ്പോൾ ചെക് പോസ്റ്റകൾ പൂർണമായും അടച്ചിട്ടിരിക്കൂന്നത്.
ഭക്ഷ്യക്ഷാമം
സംസ്ഥാന സർക്കാർ ഈ മാസം 31 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അതു നീട്ടിയേക്കും. തമിഴ്നാട്ടിൽ നിന്നും പലചരക്ക്, പച്ചക്കറി വരവ് നിലച്ചതോടെ ക്ഷാമകാലം വരുമെന്ന ആശങ്ക സൃഷ്ടിക്കുന്നു
. ഇറച്ചിക്കോഴി, മുട്ടകൾ, അറവുമാടുകൾ എന്നിവയുടെ വരവും ഉടൻ തന്നെ നിലയ്ക്കും. തമിഴ്നാടൻ കോഴികൾക്കു പുറമെ കർണാടക ഇറച്ചിക്കോഴികൾക്കും നിരോധനമുണ്ട്.
ഡ്രൈവർമാർ പിന്മാറുന്നു
നിയന്ത്രണം കർശനമാക്കിയതോടെ ഡ്രൈവർമാർ പിന്മാറുകയാണ്. ടാക്സി, ചരക്കു ലോറി ഡ്രൈവർമാർ അതിർത്തി കടന്ന് ഓട്ടം പോകാൻ മടിക്കുകയാണ്.
തമിഴ്നാടൻ ഡ്രൈവർമാർ കേരളത്തിലേക്കും കേരളാ ഡ്രൈവർമാർ തമിഴ് നാട്ടിൽ പോകാനും മടിക്കുന്നു. ജലദോഷം, പനി അടക്കമുള്ള പരിശോധനകൾക്കു പുറമെ വിവിധ സർക്കാർ വകുപ്പുകൾ പലയിടത്തും ചെക്കിംഗുകൾ വ്യാപകമാക്കിയതോടെയാണ് ഡ്രൈവർമാർ പിന്മാറുന്നത്.
ഉൗടുവഴികളും അടഞ്ഞു
ഒരു കാലത്ത് കള്ളക്കടത്ത് ഉൗടുവഴികളിലേക്ക് തിരിഞ്ഞു നോക്കാതിരുന്ന അധികൃതർ ഇവയെല്ലാമടച്ച് ഇപ്പോൾ പഴുതില്ലാത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്. മലയാളിയെ പരിശോധന കൂടാതെ കടത്തിവിടില്ല എന്ന കടുത്ത തീരുമാനത്തിലാണ് തമിഴ്നാട്.
പ്രധാന ചെക്പോസ്റ്റുകളിലെ നിയന്ത്രണത്തിനു പുറമെയാണ് കള്ളക്കടത്ത് ഉൗടുവഴികളിലും ആരോഗ്യ പരിശോധന ശക്തമാക്കിയത്. പോലീസ് സന്നാഹത്തോടെയാണ് പരിശോധന.
വാളയാർ, ഗോവിന്ദാപുരം പ്രധാന ചെക് പോസ്റ്റകൾക്ക് ഇടയിൽ വരുന്ന പത്തോളം ഉൗടുവഴികളിലാണ് കടുത്ത നിയന്ത്രണമുള്ളത്. കുപ്പാണ്ട കൗണ്ടന്നൂർ, ചിന്നപ്പ കൗണ്ടന്നൂർ, അനുപ്പൂര്, വില്ലൂന്നി, എല്ലപ്പാട്ടൻ കോവിൽ, നടുപ്പുണി, നെല്ലിമേട്, മൂലക്കട, ചെമ്മണാം പതി എന്നിവിടങ്ങളിലാണ് കർശന നിയന്ത്രണം’
ചില സൂപ്പർ മാർക്കറ്റുകളിലും റേഷൻ കട, മാവേലി സ്റ്റോർ എന്നിവിടങ്ങളിലും വൻ തിരക്കാണ് കഴിഞ്ഞ ദിവസളിൽ അനുഭവപ്പെട്ടത്. ഇത്തരം സ്ഥാപനങ്ങളിൽ പല ഭക്ഷ്യവസ്തുക്കളുടേയും സ്റ്റോക് തീർന്നു.