ഗാന്ധിനഗർ: കോവിഡ് 19 ബാധിതരേയും, രോഗലക്ഷണമുള്ളവരേയും പരിചരിക്കുവാൻ തയ്യാറാണന്ന് കോവിഡ് 19 രോഗവിമുക്തനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന കോട്ടയം തിരുവാർപ്പ് ചെങ്ങളം സ്വദേശികളായ യുവദന്പതികൾ.
മാർച്ച് എട്ടിനാണ് യുവദന്പതികളും ഇവരുടെ നാലരവയസുള്ള കുട്ടിയും രോഗലക്ഷണവുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊറോണ വാർഡിൽ പ്രവേശിക്കപ്പെട്ടത്.
തുടർന്ന് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നാല് തവണ നടത്തിയ പരിശോധനയിൽ കുട്ടിക്ക് രോഗമില്ലെന്നും ദന്പതികൾക്ക് കോവിഡ് 19 ഉണ്ടെന്നും കണ്ടെത്തിയിരുന്നു.
പിന്നീട് മാർച്ച് 18, 20 തീയതികളിൽ നടത്തിയ പരിശോധനകളിൽ നെഗറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. രോഗവിമുക്തരായി എന്നറിഞ്ഞ ദന്പതികൾ വളരെ സന്തോഷത്തിലാണ്.
അസുഖം ബാധിച്ചതങ്ങളെ രോഗവിമുക്തരാക്കുന്നതിനും ബന്ധുക്കളായ വയോധികരായ ദന്പതികളെ രോഗവിമുക്തരാക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന കോട്ടയം മെഡിക്കൽ കോളജിലെ അധികൃതർക്കും ചികിത്സ നൽകുന്ന ഡോക്ടർമാർക്കും ശക്തമായ പിന്തുണയും, പ്രചോദനവും ആത്മവിശ്വാസവും നൽകുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അനുമതിയുണ്ടെങ്കിൽ, തങ്ങളുടെ രോഗം പൂർണമായി മാറി, ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന നിശ്ചിത കാലാവധിയിൽ വിശ്രമത്തിനുശേഷം കോവിഡ് 19 ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ പരിചരിക്കുവാൻ തയ്യാറാണെന്ന് യുവാവ് രാഷ്ട്രദീപകയോടു പറഞ്ഞു.
നാലരവയസുള്ള മകൾ ഉള്ളതിനാൽ കുട്ടിയെ ശ്രദ്ധിക്കേണ്ടതുള്ളതിനാൽ നഴ്സായ ഭാര്യയ്ക്ക് പരിചരണത്തിനു കഴിയില്ലെങ്കിലും താൻ സന്നദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു.