ഗാന്ധിനഗർ: കോവിഡ് 19 രോഗബാധിതരായ തങ്ങളെ അർപ്പണബോധത്തോടെ ചികിത്സിച്ചു രോഗതിതരാക്കിയ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ, ആശുപത്രി അധികൃതർ, ആരോഗ്യവകുപ്പ് അധികൃതർ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവദന്പതികൾ.
രോഗവിവരം ദിവസേന വിളിച്ച് അന്വേഷിച്ചു കൊണ്ടിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എംപി, നവജീവൻ ട്രസ്റ്റി പി.യു. തോമസ്, ദൃശ്യ-അച്ചടി മാധ്യമ പ്രവർത്തകർ എന്നിവർക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു.
ലോക വ്യാപകമായി കോവിഡ് 19 വ്യാപിക്കുന്നതിനാൽ നമ്മുടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ എടുത്തിരിക്കുന്ന കർശന നടപടികൾ ജനം അംഗീകരിച്ചാൽ നമുക്ക് ഈ വിപത്തിനെ ചെറുക്കാൻ കഴിയുമെന്നാണ് സ്വന്തം അനുഭവത്തിൽനിന്നു മനസിലാക്കുന്നതെന്ന് നഴ്സുമാരായ ഈ ദന്പതികൾ പറയുന്നു.
ഏറ്റവും ജനപ്പെരുപ്പമുള്ള ഇന്ത്യ പൊതുനന്മയ്ക്കായി തുടക്കത്തിലേ കർക്കശമായ നിലപാട് സ്വീകരിച്ചത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് നിരവധി വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുള്ള ഇവർ പറയുന്നു.
അതേസമയം തങ്ങൾ രോഗവിമുക്തരായതിനാൽ തങ്ങളുടെ അടുത്ത ബന്ധുക്കളായി തങ്ങളോടൊപ്പം മെഡിക്കൽ കോളജിൽ എത്തി ഇപ്പോഴും ചികിത്സയിൽ കഴിയുന്ന വയോധികരായവരെ പരിചരിക്കുവാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇവർ രാഷ്്ട്രദീപകയോടു പറഞ്ഞു.