ചെങ്ങന്നൂർ: കോവിഡ് പോസിറ്റീവായ യുവതിയുടെ വീട്ടിലെ അംഗങ്ങൾ ക്വാറൻ്റൈനിൽ കഴിയണം എന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം ലംഘിച്ച് വീട്ടുകാർ ഇറങ്ങി നടന്നത് സമീപവാസികൾക്ക് ഏറെ ആശങ്ക പരത്തി.
നഗരസഭയുടെ തിട്ടമേൽ ഇരുപത്തൊന്നാം വാർഡിലെ ഒരു കുടുംബത്തിലെ ഒരംഗത്തിനാണ് കോവിഡ് പോസിറ്റീവായത്. പോസിറ്റീവായ യുവതി നഗരത്തിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായിരുന്നു.
ഈ സമയം ക്വാറൻ്റൈനിൽ ഇരിക്കേണ്ട കുടുംബാംഗങ്ങളായ മറ്റുള്ളവർ ഇറങ്ങി നടന്നത് സെക്കണ്ടറി സമ്പർക്കത്തിന് ഇടവരുത്തിയെന്നാണ് ആക്ഷേപം.
കുടുംബത്തിലെ ഒരു മുതിർന്ന അംഗം മത്സ്യക്കച്ചവടത്തിന് പുറത്ത് പോയതായും പറയപ്പെടുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിനും മറ്റ് കുടുംബാംഗങ്ങൾക്കും നടത്തിയ സ്രവ പരിശോധനയിൽ മുതിർന്ന അംഗത്തിനും പോസിറ്റീവായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
ഇദ്ദേഹം മത്സ്യക്കച്ചവടം നടത്തിയതുവഴി പ്രൈമറി സമ്പർക്കം ചെയ്തവരുടെ പട്ടിക ആരോഗ്യ വകുപ്പ് ഇനിയും തയ്യാറാക്കേണ്ടിയിരിക്കുന്നു. കച്ചവടം കൂടുതലും ഹോം ഡെലിവറിയായിരുന്നു.
കോവിഡ് പോസിറ്റീവായ കുടുംബത്തിൻ്റെ ക്വാറൻ്റെയിൻ ലംഘനം ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകരുടെയും പ്രാദേശിക ജനപ്രതിനിധിയുടെയും ശ്രദ്ധയിൽപ്പെട്ടില്ലെന്ന വാദം അന്വേഷണ വിധേയമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
അതേ സമയം പാണ്ടവൻ പാറ ഭാഗത്ത് കോവിഡ് പോസിറ്റീവായ വീടുകളിലും സ്ഥലങ്ങളിലും കോവിഡ് ജാഗ്രതാ സമിതി അംഗങ്ങളോ പ്രവർത്തകരോ ജനങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകാൻ തയ്യാറാകുന്നില്ലെന്നും പ്രദേശവാസികൾ പരാതിപ്പെട്ടു.
തിട്ട മേൽ വാർഡിനോട് ചേർന്ന പുലിയൂർ നാലാം വാർഡ് നൂറ്റവൻപാറ ശുഭാനന്ദാശ്രമം മേഖല കഴിഞ്ഞ ദിവസം കണ്ടയിൻമെൻറ് സോൺ ആക്കിയിരുന്നു. ഒരു വിട്ടിലെ മൂന്നു പേരടക്കം ഈ ഭാഗത്ത് നാല് കോവിഡ് പോസിറ്റീവാണുള്ളത്.
നഗരത്തിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലേയും മറ്റൊരു ബിസിനസ് സ്ഥാപനത്തിലേയും ജോലി ചെയ്തു വന്ന ചിലർ കോവിഡ് ബാധിതരാണെന്ന് റിപ്പോർട്ടുണ്ട്.
ഇവരിൽ ഒരു പാണ്ടനാട് സ്വദേശിയ്ക്ക് കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു. പാണ്ടനാട് രണ്ടാം വാർഡിൽ ഒരു കുടുംബത്തിലെ രണ്ട് പേർക്ക് കോവിഡ് പോസിറ്റീവായ സംഭവത്തിലെ സെക്കണ്ടറി സമ്പർക്കത്തിൽ പെട്ട ആൾക്കാണ് കോവിഡ് പോസിറ്റീവായത് എന്നു പറയുന്നു.
ഇതിനെത്തുടർന്ന് വാർഡ് കഴിഞ്ഞ ദിവസം കൺണ്ടയ്ൻമെൻ്റ് സോണാക്കി.