ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 132 ആയി. വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 6000 കവിഞ്ഞു. 1500 പേർക്ക് പുതിയതായി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്നലെ 1300 പേർക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു.
വൈറസ് ബാധിത മേഖലയിൽപ്പെട്ട തങ്ങളുടെ രാജ്യക്കാരെ മടക്കിക്കൊണ്ടു പോകാൻ ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ ശ്രമം ഊർജിതമാക്കി. കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ടുണ്ടാകുന്നതായാണ് റിപ്പോർട്ട്.
ഗതാഗത സൗകര്യത്തിന്റെ അപര്യപ്തതയും കടകൾതുറക്കുന്നില്ലാത്തതുമാണ് സ്ഥിതി വഷളാക്കുന്നത്. അതേസമയം ജപ്പാൻ തങ്ങളുടെ200 പൗരന്മാരെയും അമേരിക്ക240 പൗരൻമാരെയും വുഹാനിൽ നിന്ന് തരികെ എത്തിച്ചു.
ഇന്ത്യയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം 31ന് പുറപ്പെടുമെന്നാണ് റിപ്പോർട്ട്. കൂടുതൽ രാജ്യങ്ങൾ ചൈനയിലേക്കു യാത്ര വിലക്കി. ചൈനയിൽനിന്നുള്ള സന്ദർശകർക്കു പല ഏഷ്യൻ രാജ്യങ്ങളും നിയന്ത്രണം പ്രഖ്യാപിച്ചു.
ദക്ഷിണചൈനയിലെ ഹൂബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ തുടങ്ങി വ്യാപകമായി പടർന്നതാണു വൈറസ്. ഇപ്പോൾ ചൈനയിലെ 90 ശതമാനം പ്രവിശ്യകളിലും രോഗബാധയുണ്ട്.
രാജ്യതലസ്ഥാനമായ ബെയ്ജിംഗിലും മരണം സംഭവിച്ചതോടെ ഭീതി വ്യാപകമായി. പ്രധാനമന്ത്രി ലി കെചിയാംഗിന്റെ നേതൃത്വത്തിൽ വൈറസ് വ്യാപനം നേരിടാൻ ഉന്നതാധികാര സമിതി ഉണ്ടാക്കിയിട്ടുണ്ട്.
ലി കഴിഞ്ഞദിവസം വുഹാനിൽ എത്തി നടപടികൾ പരിശോധിച്ചു.ചൈനയിൽനിന്നു രോഗികൾ വരുന്നതു തടയാൻ വൻകരയിലേക്കുള്ള ട്രെയിൻ സർവീസ് നിർത്താൻ ഹോങ്കോംഗ് തീരുമാനിച്ചു. വിദേശയാത്ര ഒഴിവാക്കാൻ ചൈനയും പൗരന്മാർക്കു നിർദേശം നൽകി.
ജപ്പാനിലും ജർമനിയിലും രോഗബാധ ഉണ്ടായതു ചൈനയിൽ പോകാത്തവർക്കാണ്. ചൈനയിൽനിന്നു വന്ന സഞ്ചാരികളുമായുള്ള സംസർഗത്തിലാണ് ഇവർക്കു വൈറസ് പകർന്നത്. ഇതു രോഗബാധയുടെ വ്യാപ്തി നിയന്ത്രണാതീതമാകുമെന്നു കാണിക്കുന്നു.