കോവിഡ് 19 നെ അതിജീവിച്ച കാൻസർബാധിതർക്ക് എങ്ങനെ ഫലപ്രദമായി ചികിത്സ നല്കാം എന്നതാണ് ഓങ്കോളജിസ്റ്റുകൾ അഭിമുഖീകരിക്കുന്ന നിർണായക പ്രതിസന്ധി.
ഒന്നിലധികം അവയവങ്ങൾക്കു തകരാറു ബാധിച്ചവർ, കരൾ തകരാറിലായവർ, വൃക്കകൾ തകരാറിലായവർ, സ്ട്രോക്ക്, സന്നി എന്നിവമൂലം തലച്ചോറിന് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ എന്നിവരിലൊക്കെ കാൻസർ ചികിത്സ എത്രത്തോളം ഫലപ്രദമായി നല്കാം എന്നത് കരുതലോടെ ചെയ്യേണ്ട കാര്യമാണ്.
ന്യുമോണിയ സാധ്യതയും
കോവിഡ് 19 റിസ്ക്കുള്ള ചില കാൻസർ രോഗികളിൽ ന്യുമോണിയ സാധ്യത സ്ഥിതി കൂടുതൽ വഷളാക്കും. ഇവരിലൊക്കെ കീമോതെറാപ്പി തുടങ്ങുന്നതും നിർത്തിവയ്ക്കുന്നതും വീണ്ടും തുടങ്ങുന്നതുമൊക്കെ അതീവ കരുതലോടെ മാത്രം ചെയ്യേണ്ട കാര്യങ്ങളാണ്.
ഇതുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥകൾ ചികിത്സ മുടങ്ങുന്നതിനും രോഗം അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനും കാരണമാകാവുന്നതാണ്.
പ്രായോഗികമാവട്ടെ തീരുമാനങ്ങൾ
കോവിഡ് കാലത്തെ കാൻസർ ചികിത്സ സംബന്ധിച്ച് യൂറോപ്യൻ സൊസൈറ്റി ഓഫ് മെഡിക്കൽ ഓങ്കോളജി ചില മാർനിർദേശങ്ങൾ നല്കുന്നുണ്ട്.
ചികിത്സ കൊണ്ടു ഭേദപ്പെടുത്താവുന്ന കാൻസറുകൾക്കു നിലവിലുള്ള ചികിത്സാരീതികൾ ഉപയോഗപ്പെടുത്തി ചികിത്സ നല്കാവുന്നതാണ്. ഇത്തരം മാർഗനിർദേശങ്ങൾ ലോകത്തെവിടെയുമുള്ള കാൻസർ ചികിത്സാ വിദഗ്ധർക്കു പിൻതുടരാവുന്നതാണ്.
നീതിപൂർവകമായ തീരുമാനങ്ങളിലൂടെ കാൻസർ രോഗികൾക്കു ചികിത്സ നല്കുന്നതിനുള്ള പ്രായോഗിക തീരുമാനങ്ങളിലെത്താൻ അതു വഴികാട്ടിയാവും.
ഇനിയും വൈകരുത്
കൃത്യസമയത്തുള്ള രോഗനിർണയവും ഏറ്റവും ആധുനികമായ ചികിത്സയുമില്ലാതെ കാൻസർ മരണങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കണമെങ്കിൽ നാം കൃത്യമായ കാൻസർ ചികിത്സാ രീതിയിലേക്കു മടങ്ങിയേ തരമുള്ളൂ.
പ്രകടമായ കോവിഡ് ലക്ഷണങ്ങളില്ലാത്ത കാൻസർ രോഗികൾക്കു കീമോതെറാപ്പിയും റേഡിയേഷനും നല്കുന്നതിൽ തെറ്റില്ല.
കോവിഡിന്റെ പേരിൽ കാൻസർ ചികിത്സ ഫലപ്രദമായി നടത്തിയില്ലെങ്കിൽ വരുംദിനങ്ങളിൽ ലോകമെന്പാടും കാൻസർ രോഗികളുടെ എണ്ണം വൻ തോതിൽ വർധിക്കും. ചികിത്സ കിട്ടിയാൽ രക്ഷപ്പെടാവുന്നവർ സങ്കീർണാവസ്ഥകളിലേക്കു നീങ്ങും.
കാൻസർ രോഗികൾക്കു കോവിഡ് കാലഘട്ടത്തിൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിന് ആരോഗ്യവിദഗ്ധരുടെയും ഭരണകർത്താക്കളുടെ ഉചിതമായ ഉടപെടലുകളും തീരുമാനങ്ങളും ഉണ്ടാവണം. അതിനു കാലതാമസം വന്നുകൂടാ.