മലപ്പുറം: ചരിത്രം മഹാമാരിയുടെ രൂപത്തിൽ വീണ്ടും തിരിച്ചെത്തുന്പോൾ തിരൂരങ്ങാടി യതീംഖാന ഒരിക്കൽ കൂടി സാന്ത്വനത്തിന്റെ കരങ്ങൾ ഉയർത്തുകയാണ്.
ലോകത്തെയാകെ പിടിച്ചുലച്ച പതിറ്റാണ്ടുകൾക്കു മുന്പത്തെ കോളറക്കാലം ഓർമയിൽ നിന്നു മായുന്പോൾ കൊറോണ വ്യാപനത്തിന്റെ പുതിയ കാലത്ത് ഈ അഗതി മന്ദിരം അതിന്റെ വാതിലുകൾ വീണ്ടും തുറന്നു കൊടുക്കുന്നു. രോഗാതുരരാകുന്നവർക്ക് ചികിത്സാലയമായും അഗതികളായവർക്ക് സുരക്ഷാകേന്ദ്രമായും.
കൊറോണ സാമൂഹ്യവ്യാപനത്തിലേക്കു കടക്കുകയാണെങ്കിൽ രോഗികളെ ചികിത്സിക്കാൻ മലപ്പുറം ജില്ലാ ഭരണകൂടം കണ്ടെത്തിയ ആശുപത്രികളിൽ തിരൂരങ്ങാടി യതീംഖാനക്ക് കീഴിലെ സ്ഥാപനങ്ങളും ഉൾപ്പെടും.
യതീംഖാനയോട് ചേർന്ന് വിവിധ സ്ഥാപനങ്ങൾ രോഗശുശ്രൂഷക്കായി വിട്ടു നൽകാമെന്നു യതീംഖാന കമ്മിറ്റി ജില്ലാ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ തിരൂരങ്ങാടിയിലെ ഗവണ്മെന്റ് ആശുപത്രി പ്രത്യേക ചികിൽസാ കേന്ദ്രമാക്കുകയാണെങ്കിൽ അവിടെ കഴിയുന്ന മറ്റുള്ള അടിയന്തിര രോഗികളെ പരിചരിക്കാനായി യതീംഖാനയോടു ചേർന്ന എം.കെ.ഹാജി മെമ്മോറിയൽ ആശുപത്രി ഉപയോഗപ്പെടുത്താകുന്നതാണെന്നും കമ്മിറ്റിയുടെ കീഴിലുള്ള പിഎസ്എംഒ കോളജ് ഹോസ്റ്റൽ, ഓഡിറ്റോറിയം, യതീംഖാന ഹോസ്റ്റൽ തുടങ്ങിയ കെട്ടിടങ്ങൾ സർക്കാരിന് അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ വിട്ടു നൽകാമെന്നും കമ്മിറ്റി പ്രസിഡന്റ് കെ.പി.എ.മജീദ്, ജനറൽ സെക്രട്ടറി എം.കെ.ബാവ, ട്രഷറർ സി.എച്ച്.മഹമൂദ് ഹാജി എന്നിവർ മലപ്പുറം ജില്ലാ കളക്ടറെയും ജില്ലാ മെഡിക്കൽ ഓഫീസറെയും ്അറിയിക്കുകയായിരുന്നു.
1943-ൽ ലോകത്തെയാകെ പിടിച്ചുലച്ച കോളറ മഹാമാരിയിൽ നിരവധി പേർക്കാണ് മലബാറിലും ജീവൻ നഷ്ടപ്പെട്ടത്. മാതാപിതാക്കൾ മരിച്ച് അനാഥരായ 114 കുട്ടികളെ ഏറ്റെടുത്ത് പഠിപ്പിച്ചത് ഈ യതീംഖാനയിലാണ്.
പ്രമുഖ മുസ്്ലിം ലീഗ് നേതാവും കാരുണ്യ പ്രവർത്തകനുമായിരുന്നു എം.കെ.ഹാജി സംഭാവന ചെയ്ത സ്ഥലത്ത് 1960 ലാണ് യതീംഖാനയും പ്രൈമറി സ്കൂളും ആരംഭിച്ചത്. പിന്നീട് ഈ സ്ഥാപനം വളർന്നു മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ള വിദ്യാർഥികളുടെ പ്രധാന പഠനകേന്ദ്രങ്ങളിലൊന്നായി.
യതീംഖാന കമ്മിറ്റിക്ക് കീഴിൽ ഇന്ന് പിഎസ്എംഒ കോളജ്, അഗതിമന്ദിരം, നൂറുൽ ഇസ്്ലാം മദ്രസ, അറബിക് കോളജ്, പ്രൈമറി സ്കൂൾ, ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ, ടീച്ചർ ട്രെയിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ഐടി സെന്റർ, എം.കെ.ഹാജി മെമ്മോറിയൽ ഹോസ്പിറ്റൽ, നഴ്്സിംഗ് സ്കൂൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.
മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ, സേവന ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള തിരൂരങ്ങാടി യതീംഖാന സ്ഥാപനങ്ങൾ ആശങ്കകളുയരുന്ന കൊറോണ കാലത്തും സേവനസന്നദ്ധതയുടെ കരങ്ങളുയർത്തി നിലകൊള്ളുകയാണ്..