ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 908 ആയി ഉയർന്നു. 40,171 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ റിപ്പോർട്ടു പ്രകാരം പുതിയതായി 3,062 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്ത് ഞായറാഴ്ച മാത്രം 97 കൊറോണ മരണം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഹുബെയ് പ്രവിശ്യയിലാണ് ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ഞായറാഴ്ച രാത്രി കമ്മീഷൻ അറിയിച്ചു. ഈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് കൊറോണ വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ടത്.
ചൈനാ വൻകരയ്ക്കു പുറത്തു രണ്ടു മരണങ്ങളേ ഇതിനകം റിപ്പോർട്ടു ചെയ്തിട്ടുള്ളു. ഫിലിപ്പീൻസിലും ഹോങ്കോംഗിലും ഓരോരുത്തർ വീതം. ശനിയാഴ്ച ഒരു അമേരിക്കൻ വനിതയും ജപ്പാൻകാരനും കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചിരുന്നു.
മരണസംഖ്യയുടെ കാര്യത്തിൽ 2002 ൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട സാർസിനെ കൊറോണ പിന്നിലാക്കിയിരുന്നു. രണ്ടു ദശകം മുന്പ് പൊട്ടിപ്പുറപ്പെട്ട സാർസ് രോഗം 744 പേരുടെ ജീവനാണ് അപഹരിച്ചത്.