കണ്ണൂർ: കേരളത്തിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ഒരാൾ കൂടി മരിച്ചു. മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫ് (71) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
മെഹ്റൂഫ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.
കഴിഞ്ഞ 26 ന് പനിയും ജലദോഷവുമായി തലശേരിയിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ഇവിടെനിന്നും തിരിച്ച് വീട്ടിലേക്ക് പോകുകയും ചെയ്തു.
വീണ്ടും 29 നും 30 നും തലശേരിയിലെത്തി അദ്ദേഹം ചികിത്സതേടി. എന്നാൽ രോഗം മൂർഛിച്ചതോടെ 31 ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം ആറിന് ന്യൂമോണിയ ബാധിച്ചതോടെയാണ് കോവിഡ് സംശയിച്ചത്.
സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ഏഴാം തിയതി പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചായിരുന്നു ചികിത്സിച്ചത്.
എന്നാൽ ഗുരുതര വൃക്ക രോഗവും ഹൃദ്രോഗവും കാര്യങ്ങൾ വഷളാക്കി. രണ്ട് വൃക്കകളും തകരാറിലാകുകയും ന്യൂമോണിയ മൂർഛിക്കുകയും ചെയ്തതോടെ ശനിയാഴ്ച രാവിലെ മരിച്ചു.
എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് അറിയാത്തത് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മെഹ്റൂഫ് അടുത്തിടെയൊന്നും വിദേശത്തുപോകുകയോ വിദേശത്തുനിന്നും എത്തിയവരുമായി സമ്പർക്കത്തിലേർപ്പെടുകയോ ചെയ്തിട്ടില്ല. നൂറിലേറെ പേരുമായാണ് മെഹ്റൂഫ് അടുത്തിടപഴകിയത്.
കല്യാണം ഉൾപ്പെടെ നിരവധി ചടങ്ങുകളിൽ മെഹ്റൂഫ് പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച് 15 മുതല്‍ മാര്‍ച്ച് 22 വരെ മാഹിയിലെ വിവിധ ഭാഗങ്ങളിലും ചൊക്ലിയിലും സഞ്ചരിച്ചു. ഇദ്ദേഹവുമായി അടുത്തിടപഴകിയ 25 പേരുടെ സ്രവ പരിശോധന നടത്തിയെങ്കിലും ആർക്കും രോഗം പകർന്നതായി കണ്ടെത്താനായിട്ടില്ല.