ന്യൂഡൽഹി: മരണ ഭീതിയുടെ നിഴലിൽ, ആളും ആരവും ഒഴിഞ്ഞ നിരത്തുകളും അടച്ചിട്ട കടകളും അനക്കമില്ലാത്ത വീടുകളുമായി തീർത്തും ഒറ്റപ്പെട്ട് പ്രേതനഗരമായി മാറിയിരിക്കുന്നു ചൈനയിലെ വുഹാൻ നഗരം.
ഭക്ഷണവും വെള്ളവും ഇനിയെത്ര ദിവസം കൂടി ലഭിക്കുമെന്നുറപ്പില്ല. ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു ജയിലറയിൽ എന്ന പോലെയാണ് വുഹാൻ നഗരത്തിലെ ജീവിതമെന്ന് ഇന്ത്യൻ വിദ്യാർഥികൾ പറയുന്നു.
അതിനിടെ, വുഹാൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിച്ചു കൊണ്ടുവരാൻ രണ്ടു വിമാനങ്ങൾക്ക് അനുമതി തേടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഒരാഴ്ച മുന്പാണ് അപകടകരമായ വൈറസ് ബാധയെക്കുറിച്ചു മുന്നറിയിപ്പ് ലഭിച്ചത്. എന്നാൽ, നഗരത്തിന് പുറത്തു കടക്കാൻ സാവകാശം ലഭിച്ചില്ലെന്നു രാജസ്ഥാൻ സ്വദേശിയായ മറിയം ഖാൻ പറഞ്ഞു.
ഹുബേയ് യൂണിവേഴ്സിറ്റി ഓഫ് ട്രഡീഷണൽ ചൈനീസ് മെഡിസിനിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിയാണ് മറിയം. ഇന്ത്യയിൽ നിന്നുള്ള സഹപാഠികൾക്കൊപ്പം ഹോസ്റ്റൽ മുറിയിലാണ് മറിയം കഴിയുന്നത്.
ഏറ്റവും അടുത്ത പലചരക്ക് കടയിലേക്ക് തന്നെ ഒരു കിലോമീറ്ററോളം ദൂരമുണ്ട്. അതും അടച്ചിട്ടിരിക്കുകയാണ്. ഇവർ പഠിക്കുന്ന സർവകലാശാല കാന്റീനിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ വാങ്ങിയിരുന്നത് ഇവിടെ നിന്നായിരുന്നു.
കൂടുതൽ ആളുകൾ മടങ്ങി വരാനുള്ള രാജ്യങ്ങളുടെ സ്ഥിതി പരിശോധിക്കുന്പോൾ, ഏറ്റവും അപകടകരമായ അവസ്ഥയിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം പിടിച്ചു.
തായ്ലൻഡും ജപ്പാനും ആണ് ഒന്നും രണ്ടും സ്ഥാനത്ത്. അമേരിക്ക ആറാം സ്ഥാനത്തും ബ്രിട്ടൻ പതിനേഴാം സ്ഥാനത്തും ഇന്ത്യ 23-ാം സ്ഥാനത്തുമാണ്.
സെബി മാത്യു