ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന എല്ലാവിഭാഗം ജീവനക്കാർക്കും ക്വാറന്റൈൻ കാലാവധി തുല്യമാക്കി.
കഴിഞ്ഞദിവസം വരെ കോവിഡ് ഡ്യൂട്ടി ചെയ്തിരുന്ന നഴ്സിംഗ് അസിസ്റ്റന്റുമാർക്കു മൂന്നു ദിവസമായിരുന്നു ക്വാറന്റൈൻ കാലാവധി. ഈ വിവരം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തത് അധികൃതർ ശ്രദ്ധിക്കുകയും തുടർന്നു പരിഹരിക്കപ്പെടുകയുമായിരുന്നു.
മാർച്ച് ഒന്പതിനാണ് ആദ്യമായി കോവിഡ് രോഗികൾ മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്നത്. തുടർന്ന് അന്നു മുതൽ കഴിഞ്ഞ ആഴ്ച വരെ കോവിഡ് ഡ്യൂട്ടി ചെയ്തിരുന്ന നഴ്സുമാർക്കും ആരോഗ്യവകുപ്പ് നിഷ്കർഷിച്ചിരുന്ന ക്വാറന്റൈൻ കാലാവധി അനുവദിച്ചിരുന്നില്ല.
ഡോക്ടേഴ്സിനു മാത്രമായിരുന്നു നിശ്ചിത ക്വാറന്റൈൻ. കോവിഡ് ഡ്യൂട്ടി ചെയ്യുന്ന എല്ലാവിഭാഗം ജീവനക്കാർക്കും പത്തുദിവസം വീതം ക്വാറന്റൈൻ അനുവദിച്ചാണ് പുതിയ ഉത്തരവ്.