കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിമറി നടത്തുകയും തട്ടിയെടുക്കുകയും ചെയ്ത സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കും സിപിഎം നേതാക്കള്‍ക്കുമെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും ഇ മെയില്‍ പരാതി അയച്ചു പ്രതിഷേധിച്ചു.
ഹൈബി ഈഡന് എംപി മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഇ മെയില്‍ അയച്ച് പ്രതിഷേധ പ്രചാരണം ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ ഇതേ ആവശ്യമുന്നയിച്ച് എല്ലാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇ മെയില്‍ പരാതികള്‍ അയയ്ക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അറിയിച്ചു.
പ്രളയ ദുരിതാശ്വാസം ഇനിയും ലഭിച്ചിട്ടില്ലാത്ത അര്‍ഹരായവര്‍ക്ക് ഉടന്‍ വിതരണം ചെയ്യണം. കൊറോണ ബാധിതര്‍ക്കായി പിരിക്കുന്ന ദുരിതാശ്വാസ ഫണ്ടും പാര്‍ട്ടി നേതാക്കള്‍ക്ക് തട്ടിയെടുക്കാനുള്ള അവസരം ഒരുക്കാനാണ് ഇപ്പോള്‍ സിപിഎം ശ്രമിക്കുന്നത്.
ഇത് അനുവദിക്കില്ലെന്നും പ്രളയ ഫണ്ട് തിരിമറി നടത്തിയ നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.