കൊച്ചി: കൊറോണ (കോവിഡ് 19) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കവേ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1068 ആയി.
ഇന്നലെ പുതിയതായി 74 പേരെക്കൂടി നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെയാണു എണ്ണം വര്‍ധിച്ചത്. അതിനിടെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഇന്നലെ പുതിയതായി നാലുപേരെക്കൂടി പ്രവേശിപ്പിച്ചു.
ഇവിടെ ഉണ്ടായിരുന്ന 14 പേരില്‍നിന്ന് രണ്ടു പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ജില്ലയില്‍ 23 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 16 പേര് കളമശേരിയിലും ഏഴുപേര്‍ മൂവാറ്റുപുഴയിലുമാണ്.
ഇന്നലെ 22 സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴ എന്‍ഐവിയിലേക്ക് അയച്ചു. ഇതോടെ ജില്ലയില്‍നിന്ന് അയച്ച സാമ്പിളുകളുടെ എണ്ണം 462 ആയി ഉയര്‍ന്നു. ഇതില്‍ 414 എണ്ണത്തിന്റെ ഫലമാണ് ഇതുവരെ ലഭിച്ചത്.
കൊറോണ കണ്ട്രോള് റൂമിലേക്ക് ഇന്നലെ 390 ഫോണ്‍ വിളികള്‍ എത്തി. ഇതില്‍ 150 വിളികള്‍ പൊതുജങ്ങളില്നിന്നും 69 എണ്ണം നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിചരിക്കുന്നവരില്‍നിന്നും 77 എണ്ണം സ്ഥാപനങ്ങളില്‍നിന്നും 94 എണ്ണം ഫോളോ അപ്പ് കോളുകളുമാണ്.
കൊറോണയുടെ ലക്ഷണങ്ങള്‍, നിരീക്ഷണ കാലാവധി, ബന്ധുക്കള്‍ വിദേശത്തുനിന്ന് എത്തുന്നുണ്ട് നിരീക്ഷണത്തില്‍ വയ്ക്കേണ്ടി വരുമോ എന്ന് ചോദിച്ചും നിരവധി കോളുകള്‍ എത്തി.
കൂടാതെ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങി നടക്കുന്നുണ്ട് എന്നറിയിച്ച് എത്തിയ ഫോണ്‍ വിളികള്‍ തുടര്‍നടപടികള്‍ക്കായി പോലീസിന് കൈമാറിയതായും അധികൃതര്‍ വ്യക്തമാക്കി.