കൊച്ചി: ലോക്ക് ഡൗണ്‍ മൂലം വിവിധ ആവശ്യങ്ങളും ആവലാധികളുമായി വിളിക്കുന്ന അതിഥിത്തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍തന്നെ മറുപടി നൽകി ആശ്വാസമാവുകയാണ് കളക്ടറേറ്റ് കണ്ട്രോള് റൂമിലെ കോള്‍ സെന്റര്‍.
നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴിലെ 11 മൈഗ്രന്റ് ലിങ്ക് വര്‍ക്കേഴ്സാണ് അതിഥിത്തൊഴിലാളികളുടെ ആശങ്ക അകറ്റുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 150 ലധികം അതിഥി തൊഴിലാളികളുടെ കോളുകളാണ് കോള്‍ സെന്ററില്‍ എത്തിയത്.
ഭക്ഷണം കിട്ടാനില്ല, നാട്ടില്‍ പോകണം, വാടകവീട്ടില്‍നിന്ന് ഉടമ ഇറക്കിവിട്ടു, ക്വാറന്റൈനില്‍ എങ്ങനെ ഇരിക്കണം എന്ന് തുടങ്ങിയുള്ള വിവിധ പരാതികളും അന്വേഷണങ്ങളുമാണ് ദിവസവും എത്തുന്നത്. പെരുമ്പാവൂര്‍, ആലുവ എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍ കോളുകളും .
ജില്ലാ ഭരണകൂടത്തിന്റെ അതിഥി ദേവോ ഭവ പ്രോജക്ടിനു കീഴിലാണ് ട്രെയിനിംഗ് ലഭിച്ച മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍മാർ പ്രവര്‍ത്തിക്കുന്നത്. ഓരോ മാസവും 50 അതിഥിത്തൊഴിലാളികളുടെ വീട് ഇവര്‍ സന്ദര്‍ശിച്ച് ആരോഗ്യ ബോധവത്കരണം നല്‍കുന്നുണ്ട്.
അതിനു പുറമെ ആവാസ് കാര്‍ഡിന്റെ പ്രയോജനം വിവിധ ആശുപത്രികളില്‍നിന്ന് ലഭിക്കാന്‍ വേണ്ട സഹായവും ഇവര്‍ ഒരുക്കുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ കമ്പനികളിലെ അതിഥിത്തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഇവര്‍ ബോധവത്കരണം നടത്തിയിരുന്നു.