അനു സെമിച്ചൻ
വാർത്താ ചാനലുകളിൽ രാഷ്ട്രീയത്തിനും സിനിമയ്ക്കും മാത്രമല്ല, ഒരു കൊച്ചു വൈറസിനുപോലും സ്ഥാനം പിടിക്കാം. കൊറോണയെന്ന പുതിയ പനി ഈ ഉലകത്തിൽ സംഹാര താണ്ഡവമാടുന്പോഴും ചിലർക്കെങ്കിലും ചെറിയ ആശ്വാസങ്ങൾ കിട്ടുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. നഴ്സറി ക്ലാസിൽ പഠിക്കുന്ന അയനമോൾ മുതലങ്ങു തുടങ്ങും ഇവർ.
അപ്പയും അമ്മയും കുറേനാളു കൂടിയിട്ടാണ് വീട്ടിൽ ഒരുമിച്ച് എന്റെ കൂടെ കളിക്കണത്. എന്നെ ഇപ്പോ പഠിപ്പിക്കുന്നതും പാട്ടുപാടി ഉറക്കുന്നതും എല്ലാം എന്റെ അപ്പയാ. സാധാരണ ഞാൻ എണീക്കുന്പോഴേക്കും അപ്പ പോകും. ഉറങ്ങിക്കഴിഞ്ഞാണ് തിരിച്ചു വരുന്നേ. ഇപ്പോ കട നേരത്തേ പൂട്ടണമല്ലോ.
അതുകഴിഞ്ഞ് അപ്പ തിരികെ വന്നാൽപ്പിന്നെ നല്ല രസമാണ്: അയനമോൾ നല്ല സന്തോഷത്തിലാണ്. പക്ഷെ അവളുടെ പ്രിയപ്പെട്ട സൗമ്യ മിസിനെയും എയ്ഞ്ചലിനെയും കാണാൻ പറ്റില്ലല്ലോ എന്ന വിഷമവും അവൾക്കുണ്ട്.
നമ്മുടെ തിരക്കുകൾക്കിടയിൽ സ്വന്തം കുഞ്ഞുങ്ങളുടെ കൂടെ കളിക്കാനും മറ്റും നമുക്കെവിടെയാ സമയം? ഈ പനിക്കാലത്ത് അവർ ആഘോഷിക്കുന്നതും അതാണ്. സ്കൂളിൽ പോകണ്ട, അപ്പന്റെയും അമ്മയുടെയും കൂടെ വീട്ടിലിരുന്ന് കളിച്ചാൽ മതിയല്ലോ. ഇതിൽപ്പരം നമ്മുടെ കുഞ്ഞുങ്ങൾക്ക് എന്തുവേണം!
തൊട്ടയൽപ്പക്കത്തെ സാവിത്രിയമ്മയുടെ വീട്ടിലെ മൂവാണ്ടൻ മാങ്ങ തന്നെ മാടി വിളിക്കുന്നുണ്ടെങ്കിലും വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആയിപ്പോയല്ലോ എന്ന ഗദ്ഗദം അഞ്ചാം ക്ലാസിലെ വിനുമോന്റെ ഹൃദയം നുറുക്കിക്കളയുന്നുണ്ട്.
പനിക്കാലമല്ലായിരുന്നെങ്കിൽ അവന്റെ പെട്ടിയിൽ സാവിത്രിയമ്മയുടെ മാങ്ങ, അല്ലെങ്കിൽ അഞ്ചാറു ശകാരവാക്കുകൾ നിറഞ്ഞിരുന്നേനെ.
കൗമാരക്കാരി റിയയ്ക്കു കോളേജിൽ പോകണ്ട എന്നതു ദേഷ്യമാണ്. വീട്ടിലിരിക്കാൻ ഇഷ്ടമല്ല. ഇനിയിപ്പോ, എങ്ങനെയാ എന്റെ സീനുവിനേയും പ്രതീക്ഷിനേയും അനഘയേയും കാണുന്നേ.
ബോറടിക്കുന്നു. ഫോണിൽ സംസാരിക്കാമെന്നതാ ആശ്വാസം. തൊട്ടപ്പറുത്ത് അടുക്കളയിൽ നിന്ന് റിയയുടെ അമ്മ ഷൈനിക്ക് ഒരു പരാതിയേ ഉള്ളൂ. ഏത് നേരവും പെണ്ണിന് ഫോണിലാ കളി. ഈ മൊബൈലിൽക്കൂടെയും കൊറോണ പടർന്നെങ്കിൽ അതിലുള്ള കളിയും ഒന്ന് കുറഞ്ഞേനെ!
ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്ന ശരണും ശ്രുതിയും വിവാഹിതരായിട്ട് അധിക നാളായിട്ടില്ല. കല്യാണം കഴിഞ്ഞ് ഇതുവരെ രണ്ടുപേരും മര്യാദയ്ക്കൊന്നു മിണ്ടിയിട്ടില്ല. വീട്ടിൽത്തന്നെയാണെങ്കിലും ഒരു ഹണിമൂണ് കിട്ടിയതിന്റെ സന്തോഷവും നാണവും രണ്ടുപേരുടെയും വാക്കുകളിൽനിന്ന് അറിയാൻ പറ്റും.
മധ്യവയസ്ക്കനായ ശിവൻചേട്ടനും രാധച്ചേച്ചിക്കും നല്ല ടെൻഷനാണ്. എങ്ങനെ കുടുംബം കഴിയും? കുറച്ചുനാള് കഴിയുന്പോഴെങ്കിലും ഈ പ്രശ്നങ്ങൾ തീർന്നാൽ മതിയായിരുന്നു. കാരണം ശിവൻ ചേട്ടനു തുണിക്കടയിലെ തുച്ഛമായ വരുമാനം മാത്രമാണുള്ളത്. കൊറോണ വന്നതോടെ അത് ഏതാണ്ടൊക്കെ പോക്കായി. കുടുംബച്ചെലവ് അതിലുമപ്പുറം.
എത്ര കൊറോണ വന്നാലും ഗ്യാസിനു വില കുറയ്ക്കാനും പെട്രോൾവില കുറയ്ക്കാനും നമ്മുടെ സർക്കാരിന് പറ്റില്ലല്ലോ. പാവപ്പെട്ടവരുടെ വയറ്റത്തടിക്കാനായിട്ട് ഓരോരോ മാരണങ്ങള് വരും. ഇതാണ് ശിവൻചേട്ടന്റെ പരാതി. തൊഴിലുറപ്പ് തൊഴിലാളിയായ രാധച്ചേച്ചിക്കു പണിക്കുപോകാൻ പറ്റാത്തതിന്റെ ദേഷ്യം വേറെ.
ബിവറേജ് തുറക്കാത്ത ദേഷ്യത്തിലാണ് കുന്നുംപുറത്തെ ഉണ്ണിച്ചേട്ടനെങ്കിൽ അന്പലത്തിൽ പോകാൻ പറ്റാത്ത വിഷമമാണ് ഉണ്ണിച്ചേട്ടന്റെ പ്രിയതമ സരസ്വതിച്ചേച്ചിക്ക്. വടക്കേലെ സാറാമ്മച്ചേടത്തിക്ക് തൊട്ടപ്പുറത്തെ ദാക്ഷായണിയമ്മ വീട്ടിലേക്ക് കയറി വരാതായപ്പോൾ എന്തു സാമാധാനമായെന്നോ.
കുറച്ചു നാളത്തേക്കു പരദൂഷണം കേൾക്കണ്ടല്ലോ എന്നതാണ് ചേട്ടത്തിയുടെ സന്തോഷം. പക്ഷെ ദാക്ഷായണിയമ്മ പറയുന്ന പരദൂഷണങ്ങൾ ആസ്വദിക്കാൻ പറ്റാത്തതിൽ വിഷമിക്കുന്ന രണ്ടാത്മാക്കൾ വേറെയുണ്ട്- കിഴക്കേലെ ആമിനതാത്തയും പടിഞ്ഞാറപ്പുറത്തെ നാരായണിയമ്മയും.
രാഷ്ട്രീയവും സിനിമയും നാട്ടുവിശേഷങ്ങളും ചൂടോടെ എരിവും പുളിയം കൂട്ടി വിതരണം ചെയ്യുന്ന നാട്ടുംപുറത്തെ പത്രമോഫീസായ ചന്ദ്രൻ ചേട്ടന്റെ ചായക്കടയിൽ ഇന്ന് വിരുന്നുകാരായിരിക്കുന്നത് കുറച്ച് ഈച്ചയും കൊതുകും മാത്രം. രണ്ടോ മൂന്നോ പേരെങ്ങാനും ഇടയിലങ്ങോട്ടു വന്നുകയറിയാൽ അവരെ വിരട്ടിയോടിക്കാൻ പാഞ്ഞെത്തുന്ന ഒരാളുണ്ട്- പോലീസുകാരൻ രാമുവേട്ടൻ.
കുടുംബസമാധാനം എന്റെ ഭാര്യ നിലനിർത്തിക്കോളും. നാട്ടിലെ ക്രമസമാധാനം തകരാണ്ട് നോക്കണമല്ലോ. കൊറോണയോ, പ്രളയമോ എന്തായാലും ഞങ്ങൾക്ക് ചെയ്യേണ്ട ഡ്യൂട്ടി ചെയ്യണം. പോലീസുകാരായിപ്പോയില്ലേ? റിട്ടയർമെന്റ് അടുക്കാറായ രാമുവേട്ടൻ പറയുന്നതിങ്ങനെ.
എന്തുമാവട്ടെ, രോഗികൾ വരുന്പോൾ അവർക്കുവേണ്ട ശ്രദ്ധ കൊടുക്കണം. അതിലിപ്പോ കോവിഡ് ഞങ്ങൾക്ക് പിടിപെട്ടാലോ എന്ന പേടിയൊന്നും ഞങ്ങൾക്കില്ല. ഞങ്ങൾ ചെയ്യുന്ന ജോലി ഞങ്ങൾ ചെയ്തിരിക്കും. ഇത് വെറുംവാക്കല്ല.
പറയുന്നത് നഗരത്തിലെ ഒരു പ്രശസ്തമായ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോ. അരുണ് ആണ്. ഈ അഭിപ്രായം തന്നെയാണ് സീനീയർ നഴ്സ് ജോളിച്ചേച്ചിയും പറയുന്നത്. ഓടി നടക്കാൻ ഞങ്ങൾ റെഡിയാണ്. കൊറോണയെ ലോകത്തുനിന്നു നീക്കിക്കളയണം: ഇവരുടെ സന്മനസിനു നന്ദി.
ശരണാലയത്തിലെ ഒരാൾക്ക് കൊറോണ വന്നതിനെത്തുടർന്ന് ഞങ്ങളെയെല്ലാവരെയും വീട്ടിൽ വിട്ടു. മനസില്ലാ മനസോടെ ഞങ്ങടെ മക്കൾ വന്ന് തിരികെക്കൊണ്ടുപോയി. ഇനി തിന്നാനും കുടിക്കാനും ഒന്നും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. ഇതിനോടകം ചത്തുപോയാൽ മക്കളുടെ മുഖം ഒന്ന് കണ്ടിട്ടു ചാകാലോ:
വൃദ്ധസദനത്തിലെ ശാരദാമ്മയുടെ വാക്കുകളിൽ നോവുകലർന്ന ഒരു സന്തോഷമുണ്ട്. ഒരു പണിയുമില്ലാതെ കറങ്ങിയടിച്ചു നടക്കുന്ന കൂലിപ്പിള്ളേര് പറയണത് ഒരു മാസം കൂടെ കോവിഡ് നിന്നാൽ നമ്മുടെ നാടൊന്ന് ക്ലീൻ ആയേനേ എന്നാണ്.
ഇനിയുമുണ്ട് ഏറെക്കഥകൾ. എന്തായാലും ഈ കോവിഡ് സീസണിൽ നമുക്ക് വ്യക്തിശുചിത്വത്തോടൊപ്പം നാടിന്റെ ശുചിത്വത്തിനും കുടുംബസമാധാനത്തിനും പ്രാധാന്യം നൽകാം. പ്രളയത്തിനു നശിപ്പിക്കാൻ കഴിയാത്ത നമ്മുടെ മനോധൈര്യത്തെ കൊടുത്തിക്കളയാൻ ഒരു വൈറസിനെയും അനുവദിക്കരുത്. ഒന്നു ശ്രദ്ധിക്കാം, ജാഗ്രതയോടെ ജീവിക്കാം.