തൃശൂർ: കൊറോണ ബാധിച്ച് തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ കഴിയുന്ന യുവാവ് തന്റെ അനുഭവം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ.
തൊട്ടടുത്ത് ഐസോലേഷൻ വാർഡിൽ കഴിയുന്ന യുവാവ് സോഷ്യൽ മീഡിയ വഴി തനിക്കെതിരെ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായാണ് ലൈവിലെത്തിയതെങ്കിലും കൊറോണ ബാധിതനെന്ന നിലയിൽ ഒന്നും പേടിക്കാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുഭവം പങ്കുവയ്ക്കുന്നത്.
തനിക്ക് കൊറോണയുണ്ടെന്നറിയാതെയാണ് താൻ പല പരിപാടികളിലും പങ്കെടുത്തതെന്ന് യുവാവ് വിശദീകരിക്കുന്നു. ഇറ്റലിക്കാർ ഉണ്ടായിരുന്ന വിമാനത്തിലുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന അറിയിപ്പ് കിട്ടിയത് ഒരു ഫംഗ്ഷനിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോഴാണ്.
ഉടൻ തന്നെ കൂട്ടുകാരോടും വീട്ടുകാരോടും പറഞ്ഞ് ആശുപത്രിയിലേക്ക് പോരുകയായിരുന്നു. ഇതിനുമുന്പ് ആരും തന്നെ വിളിക്കുകയോ ഇങ്ങനെ വീടിനുള്ളിൽ ഇരിക്കണമന്നു പറയുകയോ ചെയ്തിട്ടില്ല. അങ്ങനെ നിർദ്ദേശിച്ചിരുന്നെങ്കിൽ ചെയ്യുമായിരുന്നു. ജനറൽ ആശുപത്രിയിലെത്തിയപ്പോൾ തൊണ്ടയിൽ ചെറിയ വേദനയുണ്ടായിരുന്നു.
പിന്നീട് പരിശോധന നടത്തിയപ്പോഴാണ് കൊറോണയുണ്ടെന്ന് സ്ഥിരീകരിച്ചത്. ഈ വിവരമറിഞ്ഞപ്പോൾ ഭയങ്കര വിഷമമുണ്ടായി. എന്തു ചെയ്യണമെന്നറിയാതെ ആകെ ടെൻഷനിലായിപ്പോയി. മാനസികമായി ആകെ തളർന്നിരിക്കുന്പോഴാണ് തന്നെക്കുറിച്ച് അടുത്തു മുറിയിൽ കിടക്കുന്ന യുവാവ് സോഷ്യൽ മീഡിയ വഴി താൻ മാസ്ക് ധരിക്കാതെ പുറത്തു നടക്കുന്നുവെന്നൊക്കെ പറഞ്ഞത്.
അങ്ങനെ ഒരിക്കലും താൻ ചെയ്തിട്ടില്ല. സുഹൃത്ത് അങ്ങനെ പറഞ്ഞത് എന്താണെന്ന് എനിക്കറിയില്ല. താനൊരിക്കലും പുറത്തിറങ്ങി നടക്കുകയോ മാസ്ക് ധരിക്കാതെ ഇരിക്കുകയോ ചെയ്തിട്ടില്ല. നമ്മൾ മുഖേന മറ്റൊരാൾക്ക് ഇത് വരരുതെന്നാണ് എന്റെ ആഗ്രഹം. ഐസോലേഷൻ വാർഡെന്നൊക്കെ പറയുന്നത് കേട്ടപ്പോൾ ആദ്യം പേടിച്ചു.
പക്ഷേ ഇവിടെയെത്തിയപ്പോഴാണ് ഒട്ടും പേടിക്കാനില്ലാത്ത സംഭവമാണെന്ന് മനസിലായത്. ഡോക്ടർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും മറ്റു ജീവനക്കാരുമൊക്കെ നല്ല രീതിയിലാണ് പെരുമാറുന്നത്. തന്റെ കൂടെ സഞ്ചരിച്ച പിതാവിനും ബന്ധുക്കൾക്കും മറ്റുള്ളവർക്കുമൊക്കെ ഇത് പകർന്നിട്ടില്ലെന്ന് കേൾക്കുന്പോൾ ആശ്വാസമുണ്ട്.
തൊണ്ടവേദനയും നല്ല വയറിളക്കവുമൊക്കെ ഉണ്ടായിരുന്നു. അതൊക്കെ മാറി വരികയാണ്. ഇപ്പോൾ കിട്ടിയ ഫലം നെഗറ്റീവാണ്. വീണ്ടും പരിശോധനകൾ നടത്തി നെഗറ്റീവാണെന്ന് കണ്ടാൽ വീട്ടിൽ പോകാനാകും.
നല്ലൊരു ഉപദേശവും കൂടി നൽകിയാണ് സോഷ്യൽമീഡിയയിലെ സംഭാഷണം അവസാനിപ്പിക്കുന്നത്. വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പറഞ്ഞാൽ എല്ലാവരും അനുസരിക്കണം. നമ്മൾ മുഖാന്തിരം സമൂഹത്തിന് ഇത് പകരാൻ പാടില്ല. ആർക്കെങ്കിൽ എന്തെങ്കിലും വിഷമം തോന്നുന്നുണ്ടെങ്കിൽ നേരെ ആശുപത്രിയിലേക്ക് വരാൻ മടിക്കരുതെന്നുമാണ് ഉപദേശം.