നദീജലത്തില്‍ കൊറോണ ഏറെക്കാലം നില്‍ക്കുമെന്ന് സൂചന നല്‍കി പുതിയ പഠനം. ഗുജറാത്തിലെ സബര്‍മതി നദിയില്‍ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായുള്ള വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
നദീ ജലത്തിന്റെ സാമ്പിള്‍ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. സമീപത്തെ കാന്‍ക്രിയ, ചന്ദോള തടാകങ്ങളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഗാന്ധി നഗര്‍ ഐഐടി, ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റ് സയന്‍സ് എന്നിവിടങ്ങളിലെ ഗവേഷകരാണ് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പഠനം നടത്തിയത്.
രാജ്യത്തുടനീളം ഇത്തരത്തില്‍ സാമ്പിളുകള്‍ ശേഖരിച്ച് പഠനം നടത്തണമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
നദികളിലെയും തടാകങ്ങളിലെയും വൈറസ് സാന്നിധ്യം വലിയ അപകടത്തിലേക്കു നയിക്കുമെന്ന് ഐഐടി പ്രൊഫസര്‍ മനീഷ് കുമാര്‍ വ്യക്തമാക്കി.
വെള്ളത്തില്‍ വൈറസിന് കൂടുതല്‍ കാലം നിലനില്‍ക്കാനാകും എന്നത് അപകട സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2019 സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ 29 വരെ ആഴ്ചയില്‍ ഒരു ദിവസം എന്ന രീതിയിലാണ് സാമ്പിളുകള്‍ ശേഖരിച്ചത്.
സബര്‍മതിയില്‍ നിന്ന് 649 സാമ്പിളുകളും കാന്‍ക്രിയ, ചന്ദോള തടാകങ്ങളില്‍ നിന്ന് 549, 402 എന്നിങ്ങനെയാണ് സാമ്പിളുകള്‍ ശേഖരിച്ചതെന്ന് മനീഷ് കുമാര്‍ വ്യക്തമാക്കി.