സിഡ്നി: ബാറ്റ്സ്മാന്മാർ ഗാലറിയിലേക്ക് ഉയർത്തിയടിക്കുന്ന പന്തുകൾ കൈയിലൊതുക്കാന്‍ ആരാധകർ മത്സരിക്കുന്ന കാഴ്ച സാധാരണമാണ്.
എന്നാൽ സിഡ്നിയില്‍ നടന്ന ഓസ്ട്രേലിയ-ന്യൂസിലൻഡ് ആദ്യ ഏകദിനം അല്പം വ്യത്യസ്തമായിരുന്നു. ആളില്ലാ കസേരകള്‍ക്കിടയില്‍ വീണ പന്തുകള്‍ തെരയാൻ താരങ്ങൾ തന്നെ ഇറങ്ങേണ്ടിവന്നു.
കോവിഡ് ഭീതിയെത്തുടർന്നു അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തിയതോടെയാണ് സംഭവം. ശൂന്യമായ ഗാലറിയിലേക്ക് ആരോൺ ഫിഞ്ച്, ജിമ്മി നിഷാം എന്നിവരെല്ലാം പന്ത് പായിച്ചതോടെ മറ്റു കളിക്കാർ പാടുപെട്ടു.
ന്യൂസീലന്‍ഡ് താരം ലോക്കി ഫെര്ഗൂസൺ, ഓസ്ട്രേലിയയുടെ ആഷ്ടണ്‍ ആഗര്‍ തുടങ്ങിയവരെല്ലാം പന്ത് തെരയാന്‍ ഗാലറിയിലെത്തി. ഇതിന്റെയെല്ലാം രസകരമായ വീഡിയോ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
മത്സരത്തിൽ ഓസ്ട്രേലിയ 71 റണ്‍സിന് ജയിച്ചു. ഓസീസ് പേസർമാരാണു കിവീസിനെ ചുരുട്ടിക്കെട്ടിയത്. 259 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് 187നു പുറത്തായി.
27 റൺസും മൂന്നു വിക്കറ്റും വീഴ്ത്തിയ മിച്ചൽ മാർഷാണ് കളിയിലെ കേമൻ.