കോൽക്കത്ത: ഹിന്ദു മഹാസഭയുടെ വാക്ക് വിശ്വസിച്ച് കൊറോണ മരുന്നെന്ന പേരിൽ പശുവിന്റെ ചാണകവും ഗോമൂത്രവും വിൽപ്പനയ്ക്കു വച്ചയാൾ പശ്ചിമ ബംഗാളിൽ അറസ്റ്റിൽ.
കോൽക്കത്തയ്ക്കടുത്തു ഡാംകുനി സ്വദേശി മാബുദ് അലിയെന്ന ക്ഷീരകർഷകനാണ് അറസ്റ്റിലായത്.
ഡൽഹിയെ കോൽക്കത്തയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 19-ൽ റോഡരികിൽ താത്കാലികമായി കെട്ടിയുയർത്തിയ കടയിൽ ലിറ്ററിന് 500 രൂപ ഈടാക്കിയാണു ഗോമൂത്രം വിൽപ്പനയ്ക്കു വച്ചത്.
ഒരു കിലോ ചാണകത്തിനും ഇതേ വിലയിട്ടു. ഗോമൂത്രം കുടിച്ചു കൊറോണ വൈറസിനെ അകറ്റൂ എന്ന പോസ്റ്ററും കടയിൽ പതിപ്പിച്ചിരുന്നു.
മാർച്ച് 14-ന് നടന്ന ഹിന്ദുമഹാസഭയുടെ ഗോമൂത്ര പാർട്ടിയിൽനിന്നാണു തനിക്ക് ഈ ആശയം ലഭിച്ചതെന്നും ഗോമൂത്രവും ചാണകവും വിറ്റ് കൂടുതൽ ലാഭമുണ്ടാക്കാമെന്നു കരുതിയാണു കട ആരംഭിച്ചതെന്നും അലി പറയുന്നു.
മതവികാരം വ്രണപ്പെടുത്തി, കബളിപ്പിച്ചു എന്നി കുറ്റങ്ങൾ ചുമത്തിയാണു മബൂദ് അലിയെ ചൊവ്വാഴ്ച ഹൂഗ്ലി ജില്ലാ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് അലി “മരുന്ന്’ കച്ചവടം ആരംഭിച്ചത്.