
തൃശൂര്‍: ഒന്നുമുടി വെട്ടാൻ കഴിഞ്ഞിരുന്നെങ്കിൽ… ഇങ്ങനെ ആഗ്രഹിക്കുന്ന നൂറുകണക്കിന് ആളുകളും ഇന്ന് സംസ്ഥാനത്തുണ്ട്.കോവിഡ് 19 നിയന്ത്രണങ്ങൾ വന്നതോടെ സംസ്ഥാനത്തെ ബാർബർ ഷോപ്പുകളും ബ്യൂട്ടിപാർലറുകളുമെല്ലാം അടച്ചു. ഇതോടെ അസ്വസ്ഥരായിരിക്കുന്നവരിൽ ഏറെയും പുരുഷന്മാരാണ്.
പലരും സാഹചര്യംകൊണ്ട് മുടിയന്മാരായി നടക്കുകയാണ്. കോവിഡ് ഇങ്ങനെയൊരു പണിതരുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയില്ല. കടുത്ത ചൂടിൽ മുടിവെട്ടാൻ കഴിയാത്തത് മൂലം വലിയ അസ്വസ്ഥത അനുഭവിക്കുന്നവരും ഉണ്ട്.
സെൽഫ് കട്ടിംഗിലേക്ക് പലരും തിരിഞ്ഞെങ്കിലും ഭൂരിഭാഗത്തിനും ഇത് വശമില്ല. പതിവിലും അധികം മുടി തലയിൽ വച്ച് അസ്വസ്ഥത സഹിച്ച് ചിലർ മുന്നോട്ടുപോകുകയാണ്. ചൂട് കാലത്ത് കുട്ടികളുടെ മുടി മാതാപിതാക്കൾ വളരാൻ അനുവദിക്കാറില്ല.
പനിയുണ്ടാകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണിത്. എന്നാൽ ബാർബർ ഷോപ്പ് അടച്ചതോടെ മാതാപിതാക്കൾ തന്നെ കുട്ടികളുടെ ബാർബർമാരാകുന്ന സാഹചര്യമാണ് വന്നത്.
കോവിഡ് ലോക്ക്ഡൗൺ അവസാനിക്കും വരെ മുടിവെട്ട് നടക്കില്ലെന്ന് തിരിച്ചറിഞ്ഞ ചിലർ ഡ്രിമ്മർ ഉപയോഗിച്ച് മൊട്ടയടിച്ച സംഭവങ്ങളുമുണ്ട്.
വീടിന് പുറത്തിറങ്ങുന്നില്ല, ഒരിടത്തേക്കും പോകേണ്ട, പിന്നെ ആർക്കു കാണാനാണ് മുടിയെന്നാണ് ഇത്തരക്കാരുടെ ചോദ്യം. ലോക്ക്ഡൗൺ കഴിയുന്നതോടെ മൊട്ട രൂപം മാറി പഴയ നിലയിൽ എത്തുമെന്ന വിശ്വാസത്തിലാണ് ഇവർ.
ലോക്ക്ഡൗൺ കഴിയുന്നതോടെ സംസ്ഥാനത്ത് ഏറ്റവും അധികം തിരക്കുണ്ടാകാൻ പോകുന്നത് സംസ്ഥാനത്തെ ബാർബർ ഷോപ്പുകളിലായിരിക്കും. ബാർബർമാർക്ക് ഇരിക്കാൻ ഒരുമിനിറ്റ് ഗ്യാപ്പ് കിട്ടുമെന്ന് തോന്നുന്നില്ല.