പത്തനംതിട്ട: കോവിഡ് 19 വൈറസ് ബാധിതരോ സംശയമുള്ളവരോ ആയി ഐസൊലേഷനിൽ എത്തുന്നവരെ സ്വന്തം കുടുംബാംഗത്തെപ്പോലെ കരുതി പരിചരിക്കുകയാണ് ഈ സംഘം.
കണ്ണുകളിൽ കരുതലിന്റെ തിളക്കവും ചുണ്ടിൽ ചെറുപുഞ്ചിരിയുമായെത്തുന്ന ഈ മാലാഖമാരെ കാണുന്പോൾ തന്നെ ആശ്വാസം. പ്രതിരോധത്തിന്റെ നാൾവഴിയിൽ ജില്ലാഭരണകൂടവും ആരോഗ്യ വകുപ്പും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്പോൾ അവർക്ക് ആത്മവിശ്വാസവും ആശ്വാസവുമേകാൻ അശ്രാന്ത പരിശ്രമം നടത്തുകയാണ് ഐസൊലേഷൻ വാർഡുകളിൽ രോഗബാധിതരെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്ന മെഡിക്കൽ സംഘം.
ജില്ലയിൽ ഏറ്റവും കൂടുതൽപേർ ഐസൊലേഷനിൽ കഴിഞ്ഞിരുന്നത് പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ്. രണ്ടു വാർഡുകളിലായി ഒരു ഘട്ടത്തിൽ 17 പേർ വരെ ജനറൽ ആശുപത്രിയിലുണ്ടായിരുന്നു. ഇന്നിപ്പോൾ അവരുടെ എണ്ണം എട്ടായി.
17 നഴ്സുമാർ നാലു ഷിഫ്റ്റുകളിലായാണ് കഴിഞ്ഞ എട്ടു മുതൽ പ്രവർത്തിക്കുന്നത്. ഫിസിഷൻമാരായ ഡോ. നസ്ലിൻ, ഡോ.ജയശ്രീ, ഡോ.ശരത്, പീഡിയാട്രീഷൻമാരായ ഡോ.ബാലചന്ദർ, ഡോ.അരുന്ധതി, ഡോ.ശ്രീനാഥ് എന്നിവരോടൊപ്പം ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോ. ശങ്കറും ഡോ.നവനീതും ഐസൊലേഷൻ വാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഡോക്ടർമാരിൽ ചിലർക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടതിനാൽ ഡ്യൂട്ടിയിൽ നിന്നു മാറ്റി.
ഇവർ പരിശോധനയ്ക്കു വിധേയമായപ്പോൾ ഫലം നെഗറ്റീവായിരുന്നുവെന്നത് മറ്റൊരു ആശ്വാസം. വീടുകളിൽ നിരീക്ഷണത്തിലേക്ക് മാറിയിരിക്കുകയാണ് ഇവർ. ആർഎംഒ ഡോ. ആശിഷ് മോഹൻകുമാറിന്റെയും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സാജൻ മാത്യൂസിന്റെയും നേതൃത്വത്തിലുള്ള പരിചയസന്പന്നരായ ഡോക്ടർമാരുടെ നിരയും മുഴുവൻ സഹായത്തിനുണ്ട്.
പ്രത്യേക മുറികളിലായിട്ടാണ് ഐസൊലേഷനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നത്. ഇവർക്ക് എല്ലാവിധ മാനസികപിന്തുണയും പരിചരണവും നൽകാൻ ഡിഎംഒ(ആരോഗ്യം)ഡോ.എ.എൽ. ഷീജയുടെ നേതൃത്വത്തിലുള്ള സംഘം സേവന സന്നദ്ധരായി എപ്പോഴുമുണ്ട്.
ഐസലേഷനിൽ കഴിയുന്നവരെ പരിചരിക്കാൻ കയറുന്പോൾ പ്രത്യേകതരം പാന്റ്സ്, കവറിംഗ് ഷൂ, കൈയുറ, കണ്ണട, എൻ95 മാസ്ക് എന്നിവ ധരിച്ച് സ്വയംപ്രതിരോധം തീർത്താണ് ഡോക്ടർമാരും നഴ്സുമാരും വാർഡിലെത്തുന്നത്. മറ്റ് ആരോഗ്യജീവനക്കാരും യൂണിഫോമിൽ തന്നെയാണ് ഐസൊലേഷൻ വാർഡിലേക്കെത്തുന്നത്.
ആംബുലൻസ് ഡ്യൂട്ടിയിലുള്ളവരും ഇതേ വസ്ത്രങ്ങൾ അണിയണം.ഐസൊലേഷൻ വാർഡിൽ നിന്നിറങ്ങുന്പോൾത്തന്നെ ഇവ നശിപ്പിച്ചുകളയും. രോഗബാധിതരുടെ വസ്ത്രങ്ങൾ, ബെഡ്ഷീറ്റ്, മുഖാവരണം എന്നിവയും ഇവർ ദിവസേന മാറ്റുന്നുണ്ട്. പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ’ഇമേജാ’ണ് ഉപയോഗിച്ച കിറ്റുകൾ സുരക്ഷിതമായി പ്രത്യേക സഞ്ചികളിലാക്കി നശിപ്പിക്കുന്നത്.
നിരീക്ഷണത്തിൽ കഴിയുന്നവർക്കു പരിചരണം മാത്രമല്ല മാനസിക പിന്തുണയും ഇവർ നൽകുന്നു. രോഗബാധിതരായി അഞ്ചു പേരുണ്ട്. ഇവർക്കു മാനസികമായ പിന്തുണ അത്യാവശ്യമാണ്. ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച നാൾമുതൽ അഹോരാത്രം ജോലിചെയ്യുകയാണ് ഈ ജീവനക്കാർ.
മുതിർന്ന രോഗികളേക്കാൾ കൊച്ചുകുട്ടികളെ പരിചരിക്കുന്നതാണ് ബുദ്ധിമുട്ടെന്ന് ജീവനക്കാർ പറയുന്നു. ആദ്യദിവസങ്ങളിൽ ആറുകുട്ടികൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഒരുകുട്ടി മാത്രമേ നിരീക്ഷണത്തിലുള്ളൂ. പാലും ബിസ്കറ്റും ഒക്കെ കുട്ടികൾക്ക് സ്വന്തം ചെലവിൽ ഡോക്ടർമാരും നഴ്സുമാരും ഒക്കെ വാങ്ങിനൽകി. ദിനപത്രങ്ങൾ അടക്കം വായനയ്ക്കായി എത്തിച്ചു നൽകുന്നുണ്ട്.
പത്തനംതിട്ട നഗരസഭയുടെയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കു ഭക്ഷണം, കുടിവെള്ളം, വസ്ത്രം എന്നിവ സൗജന്യമായി ലഭ്യമാക്കുന്നത്.
ആശുപത്രി നിരീക്ഷണത്തിൽ നിന്ന് അവസാന രോഗ ബാധിതനും വീട്ടിലേക്ക് മടങ്ങുന്നതുവരെ ഈ ജീവനക്കാർ ആശ്വാസത്തിന്റെയും കരുതലിന്റെയും പുഞ്ചിരിയുമായി അവർക്കൊപ്പമുണ്ടാകും.