തൃശൂർ: പക്ഷിപ്പനി, കൊറോണ എന്നിവ സംബന്ധിച്ചുള്ള ഭീതിമൂലം ജില്ലയിലെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിലായി. ഹോട്ടലുകളിൽ ഭക്ഷണം കഴിയ്ക്കാൻ ആളില്ലാത്തതാണു പ്രശ്നം.
ജില്ലയിൽ ഒരാഴ്ചയായി നൂറിലധികം ഹോട്ടലുകൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. പല സ്ഥാപനങ്ങളും വാടക, വൈദ്യുതി ബിൽ, വിവിധ വായ്പകൾ, ജിഎസ്ടി, ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് ഫീസ്, ഇഎസ്ഐ, പിഎഫ് എന്നിങ്ങനെയുള്ള തുക അടയ്ക്കാനാകാതെ ക്ലേശിക്കുകയാണ്.
ജീവനക്കാരുടെ പ്രതിദിന ശന്പളവും കൊടുക്കാൻ കഴിയാത്തവരുണ്ട്. കടുത്ത വ്യാപാരമാന്ദ്യമുള്ളതിനാലാണ് ഹോട്ടലുകളും കാന്റീനുകളും അടച്ചിട്ടത്. ഹേട്ടലുകളിലെ സമയക്രമം പുനക്രമീകരിച്ചും, പ്രവർത്തനച്ചെലവു കുറച്ചും വ്യാപാര മാന്ദ്യം നേരിടണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രതിരോധ നിർദ്ദേശങ്ങളടങ്ങിയ സർക്കുലർ ജില്ലയിലെ എല്ലാ ഹോട്ടലുകളിലും വിതരണം ചെയ്തു.
ഹോട്ടൽ വ്യാപാര മേഖല നിലനിൽക്കണമെങ്കിൽ ജിഎസ്ടി, ഇഎസ്ഐ, പിഎഫ് എന്നിവയുടെ പിഴപലിശ ഒഴിവാക്കണമെന്നും വിവിധ വായ്പകളുടെ തിരിച്ചടവിന് സാവകാശം നൽകണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളോട് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.