വൈപ്പിന്‍: കോവിഡ് ചതിച്ചതിനെത്തുടര്‍ന്ന് കുഞ്ഞുങ്ങള്‍ ഈ മധ്യവേനലവധിക്കാലത്ത് സ്വന്തം വീട്ടുവരാന്തയില്തന്നെ ഒതുങ്ങുകയാണ്.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍മൂലം മധ്യവേനലവധിക്കാലത്തെ പലവിധ കളികളും ക്യാമ്പുകളുമൊക്കെ മുടങ്ങിയ ഇവര്‍ മാനസിക ഉല്ലാസം ലഭിക്കുന്ന മറ്റു പല ക്രിയാത്മക കാര്യങ്ങളുമായാണ് വീടുകളില്‍ കഴിച്ചുകൂട്ടുന്നത്.
ചിത്രരചന, പെയിന്റിംഗ്, ഉപയോഗ ശൂന്യമായ വസ്തുകള്‍ ഉപയോഗിച്ച് ഫോട്ടോ ഫ്രെയിം ചെയ്യല്‍, ഫ്ളവര്‍ പോട്ട് നിര്‍മാണം തുടങ്ങിയവയെല്ലാം ഇപ്പോള്‍ വീടിന്റെ വരാന്തകളില്‍ പതിവു കാഴ്ചകളായിരിക്കുകയാണ്.
വരാന്തകളില്‍ തമ്പടിക്കുന്ന കുഞ്ഞുങ്ങള്‍ വീട്ടുമുറ്റം വിട്ട് പുറത്തുപോകുന്നില്ല. ഈ സാഹചര്യത്തില്‍ ഒരാഴ്ച പിന്നിട്ട ലോക്ക് ഡൗണിനോട് മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ ഇഴുകി ചേര്‍ന്നിട്ടുള്ളതും കുട്ടികള്‍ തന്നെയാണെന്ന് പറയാം.
സാധാരണ മധ്യവേനലവധി ആരംഭിക്കുന്ന ഏപ്രില്‍ ഒന്നു മുതല്‍ പല സ്ഥാപനങ്ങളും ചിത്ര രചനാപരിശീലനം, നീന്തല്‍ പരിശീലനം, ജൂഡോ പരിശീലനം തുടങ്ങിയ വിവിധങ്ങളായ ക്യാമ്പുകളും ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്.
ഇക്കുറി ഇവയെല്ലാം നിനച്ചിരിക്കാതെയെത്തിയ കോവിഡ് നിയന്ത്രണത്തില്‍പ്പെട്ട് സ്തംഭിച്ചിരിക്കുകയാണ്.