ന്യൂഡല്‍ഹി: സമൂഹ വ്യാപനമുണ്ടായതായുള്ള വിദഗ്ധരുടെ വിലയിരുത്തലിനിടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 11 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,425 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 11,18,043 ആയി ഉയർന്നു.
ഇതാദ്യമായാണ് രാജ്യത്ത് ഒറ്റദിനം 40,000ലധികം കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. 24 മണിക്കൂറിനിടെ 681 പേർ മരിക്കുകയും ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27,497 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഇതുവരെ 7,00,087 പേർ രോഗമുക്തരായി. നിലവിൽ 3,90,459 പേർ ചികിത്സയിലാണ്.
രാജ്യത്ത് ജൂലൈ 19 വരെ 1,40,47,908 സാമ്പിളുകളാണ് പരിശോധിച്ചത്. ഞായറാഴ്ച മാത്രം 2,56,039 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചിരുന്നു.