കൊച്ചി: ഇറ്റലിയിൽനിന്നു കേരളത്തിൽ തിരിച്ചെത്തിയ 42 പേരെ ഐസൊലേഷൻ വാർഡിലേക്കു മാറ്റി. ഇറ്റലിയിൽനിന്നു ബുധനാഴ്ച രാവിലെ നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിയ 42 മലയാളികളെയാണ് ആലുവ താലൂക്ക് ആശുപത്രിയിലെ ഐസൊലോഷൻ വാർഡിലേക്കു മാറ്റിയത്.
തിരിച്ചെത്തുന്നവരെ ഐസൊലേഷനിലാക്കണം എന്നാണു സർക്കാർ നൽകിയിരിക്കുന്ന നിർദേശം. ഫലം നെഗറ്റീവ് ആകുന്നതുവരെ ഇവർ ആശുപത്രിയിൽ തുടരും. ഖത്തർ എയർവേയ്സ് വിമാനത്തിൽ കൊച്ചിയിലേക്കെത്തിയ ഇവരുടെ രക്തസാന്പിളുകൾ എടുത്തു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇറ്റലിയിൽ നിന്നെത്തിയ വിദ്യാർഥിനി കൊല്ലത്തെ വീട്ടിലേക്കെത്തിയതു ട്രെയിൻ മാർഗമാണെന്നും സൂചനകളുണ്ട്. കൊല്ലം പാരിപ്പള്ളിയിലാണ് വിദ്യാർഥിനി നിരീക്ഷണത്തിലുള്ളത്.
അതേസമയം, കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിലേക്കു മടങ്ങാനാകാതെ ഇറ്റലിയിലെ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളുടെ വീഡിയോ സന്ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
നാട്ടിലേക്കു മടങ്ങുന്നതിനായി ഫുമിച്ചിനോ എയർപോർട്ടിലെത്തിയ നാൽപതോളം മലയാളികളാണ് ഇന്ത്യൻ സർക്കാർ യാത്രയ്ക്ക് തടസം നിൽക്കുന്നുവെന്ന വിമാനക്കന്പനിയുടെ വിശദീകരണത്തെത്തുടർന്നു കുടുങ്ങിയത്.
ഇതോടെ നിസഹായവസ്ഥ ചൂണ്ടിക്കാട്ടി ഇവർ നാട്ടിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വീഡിയോ സന്ദേശം അയച്ചു. കൊച്ചുകുട്ടികളും ഗർഭിണികളും ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. എറണാകുളം, പുത്തൻവേലിക്കര, മാള, തൃശൂർ സ്വദേശികളാണ് ഇവരിൽ ഭൂരിഭാഗവും.