തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രത തുടരുന്നു. ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് എല്ലാ സഹായവും പരിചരണവും നടത്തി വരികയാണെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
കൊറോണ ബാധിതരായവർ സന്പർക്കം പുലർത്തിയ കുടുതൽ ആളുകളുടെ സാംപിൾ പരിശോധന ഫലം ഇന്ന് ലഭിക്കും. വർക്കല റിസോർട്ടിൽ താമസിച്ചിരുന്ന കൊറോണ ബാധിതനായ ഇറ്റാലിയൻ പൗരൻ സന്പർക്കം പുലർത്തിയിരുന്ന പതിമൂന്ന് വ്യക്തികളുടെ പരിശോധന ഫലം ഇന്ന് ലഭിക്കും.
പതിനേഴ് പേരുടെ പരിശോധന ഫലം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. അത് നെഗറ്റീവായിരുന്നു. ഇറ്റാലിയൻ പൗരൻ നേരിട്ട് ഇടപഴകിയ 30 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്.
കൊറോണ ബാധിതനായ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ സന്പർക്കം പുലർത്തിയ വ്യക്തികളുടെ പരിശോധന ഫലവും ഇന്ന് ലഭിച്ചേക്കും.
സ്പെയിനിൽ നിന്നും പഠനം കഴിഞ്ഞ് നാട്ടിലെത്തിയ ഡോക്ടർക്ക് കൊറോണ ബാധ വൈകിയാണ് തിരിച്ചറിഞ്ഞത്. ഇതിനിടെ ഇദ്ദേഹം ആശുപത്രിയിലെത്തി മറ്റ് ഡോക്ടർമാരുമായും രോഗികളുമായും സന്പർക്കം പുലർത്തിയിരുന്നു.
ശ്രീചിത്രയിലെ ഡോക്ടർമാർ ഉൾപ്പെടെ 76 പേരെ ഇതേ തുടർന്ന് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കൊറോണ ബാധ സംശയിച്ച് ചികിത്സയ്ക്ക് എത്തിയ പുനലൂരിലുള്ള വ്യക്തി അപകടത്തത്തുടർന്ന് ചികിത്സ തേടിയ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലെ ജീവനക്കാരുടെ പരിശോധന ഫലത്തിന്റെ റിപ്പോർട്ടും ഇന്ന് ലഭിക്കും.
സംസ്ഥാനത്ത് 24 പേരാണ് കൊറോണ പോസീറ്റീവായി ചികിത്സയിൽ കഴിയുന്നത്. അതേ സമയം കൊറോണ ബാധയെത്തുടർന്ന് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സംസ്ഥാനങ്ങൾക്ക് സഹായവും കുടുതൽ ഉപദേശവും നൽകുന്നതിനായി കേന്ദ്രസർക്കാർ കൂടുതൽ ഉദ്യോഗസ്ഥരെ സംസ്ഥാനങ്ങളിലേക്ക് നിയോഗിച്ചു. 30 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.