വൈപ്പിൻ: ആദ്യം കേരളം വിടാൻ വിസമ്മതിച്ച ജാൻസൻ തോബിയാസും ഭാര്യ സോഫിയയും കേരളത്തോടുള്ള അകൈതവമായ നന്ദി അറിയിച്ച് ഇന്നു ചെറായി ബീച്ചിനോട് വിടപറയും.
ജർമൻ സ്വദേശികളായ ഈ ദന്പതികളെ കൂടാതെ കോവിഡ് കാലത്ത് ചെറായിലെത്തിയ തോബിയാസ് വാൾട്ടറും ഇവർക്കൊപ്പം ജർമനിക്കു മടങ്ങുമെന്ന് ഇവർ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഹോം സ്റ്റേ നടത്തിപ്പുകാർ അറിയിച്ചു.
നാടുകാണാനെത്തിയ ഇവർ മാർച്ച് ആദ്യം ചെറായി ബീച്ചിലെത്തിയ ശേഷം കോവിഡ് ജാഗ്രതയുടെ ഭാഗമായി 27 വരെ ഹോം സ്റ്റേകളിൽ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ജൂണ്‍വരെ ഇന്ത്യയിൽ കഴിയാൻ വീസയുള്ള ഇവർ നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും കേരളം വിടാൻ താൽപര്യം കാണിച്ചിരുന്നില്ല. കോവിഡ് പ്രതിരോധത്തിൽ തങ്ങളുടെ രാജ്യത്തേക്കാൾ സുരക്ഷിതം കേരളമാണെന്ന ഉറച്ച ബോധ്യത്തിലാണ് ഇവർ പോകാൻ വിസമ്മതിച്ചത്.
ഇതിനിടെ, കേരളത്തിൽനിന്നുള്ളവരെ നാട്ടിലെത്തിക്കാൻ തിരുവനന്തപുരത്തുനിന്ന് 31ന് ജർമനിയിലേക്കു വിമാനം ഏർപ്പാടാക്കുന്നുണ്ടെന്നും നിർബന്ധമായി എത്രയും വേഗം മടങ്ങാനുള്ള തയാറെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ഇന്നലെ വൈകുന്നേരത്തോടെ ഇവർക്കു ജർമൻ കോണ്‍സുലേറ്റിൽനിന്ന് ഇ- മെയിൽ സന്ദേശം ലഭിച്ചു.
ഇതോടെയാണ് ഇവർ മനസില്ലാമനസോടെ മടക്കയാത്രയ്ക്കു തയാറെടുക്കുന്നത്.ഇന്നു രാവിലെ ഡിടിപിസി ഏർപ്പാടാക്കുന്ന പ്രത്യേക വാഹനത്തിൽ എറണാകുളത്തെത്തുന്ന മൂവരും അവിടെനിന്നു ഡിടിപിസി തന്നെ ഏർപ്പാട് ചെയ്യുന്ന വാഹനത്തിൽ മറ്റുള്ള ജർമൻകാർക്കൊപ്പം തിരുവനന്തപുരത്തേക്കു യാത്രതിരിക്കും. 31നുള്ള പ്രത്യേക വിമാനത്തിൽ ഇവർ ജർമനിയിലേക്കു പോകും.
ഹരുണി സുരേഷ്