ന്യൂഡൽഹി: കൊറോണവൈറസ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ പ്രചാരണം. വാട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴിയാണ് വ്യാജപ്രചാരണം നടക്കുന്നത്.
കൊറൊണവൈറസ് സംബന്ധിച്ച് സ്വീകരിക്കേണ്ട മുന്നറിയിപ്പുകള്‍ സംബന്ധിച്ചാണ് വ്യാജപ്രചാരണം നടന്നത്. ദാഹത്തോടെ ഇരിക്കരുതെന്നും വരണ്ട തൊണ്ടയില്‍ 10 മിനിറ്റിനകം വൈറസ് ബാധിക്കുമെന്നും വ്യാജ സന്ദേശത്തില്‍ പറയുന്നു.
മാംസഭക്ഷണം ഒഴിവാക്കുക, തിളച്ച വെള്ളം കുടിക്കുക, വൃത്തിയായി നടക്കുക, തുളസിയില, ഇഞ്ചി, കുരുമുളക് എന്നിവ തിളപ്പിച്ച വെള്ളം കുടിക്കുക, ഭക്ഷണത്തില്‍ രസം ഉള്‍പ്പെടുത്തുക, പച്ചക്കറി സൂപ്പ് കുടിക്കുക, ചൂടുള്ള വെള്ളം കുറച്ച് കുറച്ചായി കുടിക്കുക എന്നാണ് പ്രചാരണം.
ആന്റിബയോട്ടിക് കൊറോണവൈറസിന് ഫലപ്രദമല്ലെന്നും പറയുന്നു. ഡോ. ശരദ് കസര്‍ലെ എന്നയാളുടെ പേരിലാണ് പ്രചാരണം നടക്കുന്നത്.
എന്നാല്‍, ആരോഗ്യ മന്ത്രാലയം ഇത്തരത്തിലൊരു നിര്‍ദേശം പുറത്തിറക്കിയിട്ടില്ലെന്ന് ഇതിനോടകം വ്യക്തമായി. ചൈനയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശം മാത്രമാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്. ഈ നിര്‍ദേശത്തെ വളച്ചൊടിച്ചാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയത്.