സ്വന്തം ലേഖകൻ
കോഴിക്കോട്: മത്സ്യത്തിനും മാംസത്തിനും വിലയറ്റവും ക്ഷാമവും നേരിടുന്ന ലോക്ക് ഡോണ്‍ കാലത്ത് പുഴകളിൽ കക്ക വാരൽ സജീവമാകുന്നു. മത്സ്യത്തിലുപരി പുഴയുടെ അടിത്തട്ടിൽ ഒളിഞ്ഞ് കിടക്കുന്ന കക്കയും കല്ലുമ്മക്കായയുമാണ് ഇ കാലത്ത് ഭൂരിഭാഗം പേരും തേടിയിറങ്ങുന്നത്.
ജില്ലയിലെ പുഴകളിൽ ലോക്ക് ഡൗണ്‍ നിർദ്ദേശം പാലിച്ച് കൊണ്ടു തന്നെ ഇതിനോടകം കക്ക വാരൽ സജീവമായിട്ടുണ്ട്. ഉപ്പു വെള്ളമടങ്ങിയ എലത്തൂർ, കോര പുഴ, ഭാഗങ്ങളിലാണ് കക്ക വ്യാപകമായിട്ടുള്ളത്.
ലോക്ക് ഡൗണ്‍ ആരംഭിച്ചത് മുതൽ ഈ ഭാഗങ്ങളിൽ യുവാക്കൾ മീൻ പിടിത്തം തുടങ്ങിയിരുന്നുവെങ്കിലും നിലവിലാണ് കക്കവാരൽ സജീവമാക്കിയത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കൂട്ടം കൂടുന്നത് ശിക്ഷാർഹമായതിനാൽ ഒന്നും രണ്ടും പേർ അടങ്ങുന്ന സംഘമാണ് തോണിയുമായി കക്ക വാരാൻ ഇറങ്ങുന്നത്.
ചിലയിടങ്ങളിൽ ആളുകൾ കൂട്ടം കൂടിയതോടെ പോലീസ് വിരട്ടി ഓടിക്കുകയായിരുന്നു. നവംബർ മാസം മുതലാണ് കക്കയുടെ പ്രജനനം നടക്കുന്നത്. ആറ് മാസം കൊണ്ടാണ് കക്ക പൂർണ വളർച്ച എത്തുന്നത്. ഈ സമയത്ത് കക്ക വാരിയില്ലെങ്കിൽ അവ നശിച്ച് പോകും. ഒരു കിലോ കക്കയ്ക്ക് പൊതു വിപണിയൽ 50 രൂപയാണ് വില.
ഒരു ലിറ്റർ കക്കയിറച്ചിക്ക് 60 രൂപ വിലവരും. ഒരു കിലോ കക്ക പുഴുങ്ങി തോട് കളഞ്ഞ് എടുക്കുന്പോൾ 150 ഗ്രാം ഇറച്ചിയാണ് കിട്ടുന്നത്. വല ഉപയോഗിച്ച് കക്ക വാരുന്നവർക്ക് 50 കിലോ വരെ വാരാൻ കഴിയും. കൈകൊണ്ട് വാരുന്നവർ കക്ക നാട്ടിൻപുറങ്ങളിൽ തന്നെ വിൽക്കാറാണ് പതിവ്.
വല ഉപയോഗിച്ച് വാരുന്നവർ കക്ക പുഴുങ്ങി ഇറച്ചിയാക്കി മാർക്കറ്റിൽ എത്തിക്കാറുണ്ട്. നിലവിൽ എല്ലാവരും സ്വന്തം ആവശ്യത്തിനായാണ് കക്ക വാരുന്നത്. വീട്ടിലിരുന്ന് മടുത്ത യുവാക്കളാണ് കക്ക വാരലിന് മുൻപന്തിയിലുള്ളത്. വേനൽ കടുത്തതോടെ പുഴകളിൽ വെള്ളം കുറഞ്ഞതും കക്ക വാരലിന് സഹായകമാവുന്നുണ്ട്.
ചെലപ്രം , ഒളോപ്പാറ ഭാഗങ്ങളിലെ പുഴ കളിലും കക്കയുണ്ട്. രുചികരവും പോഷകങ്ങളും അടങ്ങിയ കക്ക ഇറച്ചിക്ക് ജില്ലയിൽ വൻ ഡിമാന്റണ് അനുഭവപ്പെടാറുള്ളത്. എന്നാൽ പുഴകളിൽ മാലിന്യം നിറഞ്ഞതും, മണൽവാരലും കക്കകൃഷിക്കും തിരിച്ചടിയായിട്ടുണ്ട്. എങ്കിലും ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ പുഴ കനിഞ്ഞുവെന്നാണ് ഗ്രാമീണ വാസികൾ പറയുന്നത്.