പത്തനാപുരം:വര്‍ഷം മുഴുവന്‍ പരിശീലനം;ആകെ ലഭിക്കുക രണ്ട് സീസണ്.ആ രണ്ട് സീസണിലും വേദിയിലെത്താനാകാതെ വരുന്നതോടെ പ്രതീക്ഷകള്‍ തകരുന്നത് ഒട്ടേറെ കലാകാരന്മാര്ക്കാണ്.
കഴിഞ്ഞ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളിലെ പ്രളയം കലാകാരന്മാരുടെയും,സമിതികളുടെയും ഓണക്കാല സ്വപ്നങ്ങളെയാണ് തകര്‍ത്തതെങ്കില്‍ ഈ ഉത്സവ സീസണില്‍ കൊറോണ ഭീതി അവരുടെ പ്രതീക്ഷകളെ മങ്ങലേല്‍പ്പിച്ചു.ഓണവും,ഉത്സവ സീസണുമാണ് സ്റ്റേജ് ആര്‍ട്ടിസ്റ്റുകളുടെ പ്രതീക്ഷ.
നാടകം,നൃത്തനാടകം, ഡാൻസ്, ഗാനമേള, വാദ്യമേളക്കാർ തുടങ്ങി ട്രൂപ്പുകളിലെ കലാകാരന്മാരും അതിനോടനുബന്ധിച്ച് പണിയെടുക്കുന്നവരുടെയും കുടുംബങ്ങൾ ഇതോടെ ദുരിതത്തിലുമായി. കൊറോണ ഭീതിയിൽ ദേവാലയങ്ങളിലും മറ്റ് പൊതുചടങ്ങുകളിലും ആഘോഷങ്ങളും ആൾ കൂടുന്നതും ഒഴിവാക്കിയതാണ് തിരിച്ചടിയായത്.മാസങ്ങൾ നീളുന്ന പരിശ്രമത്തിലും.
ലക്ഷക്കണക്കിന് രൂപ ചിലവിഴിച്ചുമാണ് മിക്ക സ്റ്റേജ് പരിപാടികളും വേദിയിലെത്തുന്നതിന് സജ്ജമാകുന്നത്. ഒരു നൃത്ത നാടകത്തിന് കർട്ടൻ,വസ്ത്രാലങ്കാരം,പ്രകാശ,ശബ്ദ നിയന്ത്രണം എന്നീ ഇനത്തിൽ മാത്രം ലക്ഷങ്ങളാണ് ചിലവ് വരുന്നത്. ബാങ്ക് ലോണെടുത്തും പലിശയ്ക്ക് പണം കടം വാങ്ങിയുമാണ് പരിപാടി ചിട്ടപ്പെടുത്തുന്നതെന്ന് ട്രൂപ്പ് ഉടമകൾ പറയുന്നു.
ഓരോ പരിപാടികൾക്കും കലാകാരന്മാരുടെ പിന്നിൽ അണിയറയിൽ പ്രവര്‍ത്തിക്കുന്നവർ നിരവധിയാണ്.അരങ്ങിലും അണിയറയിലുമായി മുപ്പതിലധികം പേര് ഓരോ സമിതിയിലുമുണ്ടാകും. ഇവരുടെ കുടുംബങ്ങളാണ് കൊറോണ മൂലം പരിപാടികൾ റദ്ദ് ചെയ്തതിൽ ദുരിതത്തിലായിരിക്കുന്നത്.
മിക്ക ബുക്കിംഗ് ഓഫീസുകളിലും പരിപാടികൾ ബുക്ക് ചെയ്തിരുന്നതിന് അഡ്വാൻസ് തുക നല്‍കിയത് തിരികെ അവശ്യപ്പെടുകയാണ് .ദേവാലയങ്ങളിലും മറ്റ് പൊതുചടങ്ങുകളും രാത്രി പത്തിന് ശേഷം ഉച്ചഭാഷിണി പ്രവർത്തിക്കരുതെന്ന നിയമവും തിരിച്ചടിയാണ്.
കൊല്ലം,തൃശൂർ,ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സമിതികളുള്ളത്. കൊറോണ ഭീതിയിൽ സിനിമ,സീരിയൽ തുടങ്ങിയതിന്റെ ചിത്രീകരങ്ങൾ നിർത്തിവച്ചിരിക്കുന്നതും മേഖലയിലെ ചെറിയ കലാകാരന്മാര്ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
പരിപാടികൾ മുടങ്ങിയത് കാരണത്താൽ അവശത അനുഭവിക്കുന്നവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നല്കാൻ തയാറാകണമെന്ന വിവിധ സംഘടനകളുടെ ആവശ്യവും ശക്തമാണ്.