കണ്ണൂർ: ദുരിതങ്ങൾ ഒഴിയാത്ത സീസണുകളിൽ കലാപരിപാടികൾക്ക് നിയന്ത്രണം വരുന്നതിലൂടെ സംസ്ഥാനത്ത് വർഷങ്ങളായി കലാകാരന്മാരുടെ ജീവിതം വഴിമുട്ടിനിൽക്കുകയാണ്.
കൊറോണ വൈറസ് ഭീതിയിൽ ഉത്സവാഘോഷങ്ങൾ താമസിയാതെ നിയന്ത്രിക്കാനുള്ള തീരുമാനമുണ്ടായി. കഴിഞ്ഞ രണ്ടു വർഷം പ്രളയത്തെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മിക്ക കലാപരിപാടികളും ഒഴിവാക്കുകയുണ്ടായി.
അത് കലാകാരന്മാരെയും അതിലൂടെ ഉപജീവനം തേടുന്ന അനുബന്ധ പ്രവർത്തകരെയുമാണ് ഏറെ പ്രതികൂലമായി ബാധിച്ചത്. ഇതുവഴി ഉണ്ടായ കടബാധ്യതയിൽനിന്ന് കലാകാരന്മാർ ഇനിയും വിമുക്തരായിട്ടില്ല.
കൊറോണബാധ വ്യാപനം തടയാൻ സർക്കാരിന്റെ സമ്പൂർണ നിയന്ത്രണം നാട് നിശ്ചലമാക്കിയതോടെ കലാകാരന്മാർ പട്ടിണിയിലേക്കാണ് നീങ്ങുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായ ദുരിതം ഇപ്പോഴത്തെ സീസണിലും തുടരുമ്പോൾ ജീവിതം സ്ഥിതി ദയനീയമാകും.
ഒപ്പം തുടർകാലത്തേക്കുള്ള റിഹേഴ്സൽക്യാമ്പുകളും മുടങ്ങിക്കിടക്കുകയാണ്. ഇതുവഴി നാടകസംഘങ്ങൾ, ഗായകർ, മറ്റു കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരുടെയും അവരുടെ അനുബന്ധ പ്രവർത്തകരുടെയും ജീവിതം വഴിമുട്ടുകയാണ്.
അനുഷ്ഠാന കലകൾ, കഥകളി ഉൾപ്പടെയുള്ള ക്ഷേത്രകലകൾ, സർക്കസ്, മൈക്ക് സെറ്റ്, പന്തൽ, ഛായാഗ്രാഹകർ ഉൾപ്പടെയുള്ളവരും ജീവിതപ്രയാസത്തിലാകുകയാണ്.സർക്കസ് കലാകാരന്മാരുടെ പെൻഷൻ മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്.
നിരന്തരമുള്ള ദുരിതത്തിൽ നിന്ന് കരകയറാൻ കഴിയാത്ത സാഹചര്യത്തിൽ എല്ലാ വിഭാഗം കലാകാരന്മാർക്കും സാമ്പത്തികസഹായവും സബ്സിഡിയോടെയുള്ള പലിശരഹിത വായ്പയും അനുവദിക്കണമെന്ന് സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള ( സവാക്) ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സവാക് സംസ്ഥാന വൈസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട്, സെക്രട്ടറി അഡ്വ.പി.പി.വിജയൻ, നിർവാഹക സമിതി അംഗം ആർട്ടിസ്റ്റ് ശശികല, ജില്ലാ പ്രസിഡന്റ് വത്സൻ കൊളച്ചേരി , ജില്ലാ സെക്രട്ടറി ഹരിദാസ് ചെറുകുന്ന്, വനിതാ സമിതി സംസ്ഥാന പ്രസിഡന്റ് ബിന്ദുസജിത്ത് കുമാർ എന്നിവർ ആവശ്യപ്പെട്ടു.