കാഞ്ഞങ്ങാട്: ഒരു കുടുംബത്തിലെ ആറ് അംഗങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 25 പേരുടെയും പരിശോധനാഫലം നെഗറ്റീവായത് ആശ്വാസമായി. ഇതില്‍ നഗരസഭാ കൗണ്‍സിലര്‍ ടി.കെ. സുമയ്യയും കോവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനിക്കൊപ്പം പരീക്ഷയെഴുതിയ സഹപാഠികളും ഉള്‍പ്പെടുന്നു.
വിദേശത്തു നിന്നെത്തിയ പിതാവില്‍ നിന്ന് രോഗം പകര്‍ന്നുകിട്ടിയ പത്താം ക്ലാസ് വിദ്യാര്‍ഥിനി രണ്ടു ദിവസം കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷയെഴുതിയിരുന്നുവെന്ന വാര്‍ത്ത മറ്റു വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
പരീക്ഷയെഴുതാനെത്തിയപ്പോള്‍ വിദ്യാര്‍ഥിനിക്കൊപ്പമുണ്ടായിരുന്ന അടുത്ത സുഹൃത്തുക്കളെയാണ് പ്രാഥമിക നിരീക്ഷണപ്പട്ടികയിലാക്കിയത്. ഒപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ഥികളോടും ക്ലാസിലുണ്ടായിരുന്ന അധ്യാപകരോടും ഉത്തരക്കടലാസുകള്‍ കൈകാര്യം ചെയ്ത മറ്റു ജീവനക്കാരോടും 14 ദിവസം നിരീക്ഷണത്തില്‍ കഴിയാനും ആവശ്യപ്പെട്ടിരുന്നു.
പെണ്‍കുട്ടിയുടെ ജ്യേഷ്ഠ സഹോദരനൊപ്പം ചിത്താരിയിലെ സര്‍ക്കാര്‍ സ്കൂളില്‍ ഒരു ദിവസം പ്ലസ് ടു പരീക്ഷയെഴുതിയവരും ഒപ്പം ഫുട്ബോള്‍ കളിച്ചവരും നിരീക്ഷണത്തിലായിരുന്നു. ബന്ധപ്പെട്ട കുടുംബത്തിന്റെ അടുത്ത ബന്ധുവെന്ന നിലയിലാണ് നഗരസഭാ കൗണ്‍സിലറും പ്രാഥമിക നിരീക്ഷണപ്പട്ടികയില്‍ ഉള്‍പ്പെട്ടത്.
കൗണ്‍സിലറുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ ഷോപ്പില്‍ ഈ കുടുംബത്തിലെ ഇളയ പെണ്‍കുട്ടിയും മാതാവും നിത്യസന്ദര്‍ശകരായിരുന്നു. ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പ് നഗരസഭയുടെ ബജറ്റ് സമ്മേളനത്തില്‍ കൗണ്‍സിലര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
ദുബായിലെ നയിഫില്‍ നിന്ന് നാട്ടിലെത്തിയ ഗൃഹനാഥനില്‍ നിന്നാണ് അദ്ദേഹത്തിന്റെ എണ്‍പതുകാരിയായ മാതാവിനും ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കും രോഗപ്പകര്‍ച്ച ഉണ്ടായത്. ഇവരുടെ നാലാമത്തെ കുട്ടിയുടെ സാമ്പിള്‍ അയച്ചിരുന്നെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല.
ഇപ്പോള്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമായി ചികിത്സയില്‍ കഴിയുന്ന ഇവരുടെയെല്ലാം ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.