വാഷിംഗ്ടൺ ഡിസി: കോവിഡ് വൈറസ് ചൈനയിലെ ലബോറട്ടറിയിൽനിന്നു പുറത്തുവന്നതാണെന്ന് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ മുൻ ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ്.
മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് അതിവേഗം പടരാൻ ശേഷിയുള്ള വൈറസാണിത്. വവ്വാലിൽനിന്നാണ് ഈ വൈറസ് മനുഷ്യനിലെത്തിയതെന്ന് വിശ്വസിക്കാനാകില്ലെന്ന് ടിവി അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഇതു തന്റെ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ, ഞാനൊരു വൈറോളജിസ്റ്റാണ്. ജീവിതകാലം മുഴുവൻ വൈറസുകളെക്കുറിച്ച് പഠിക്കാനാണ് ചെലവഴിച്ചത്.
ചൈനയിലെ വുഹാനിൽ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് വൈറസ് പടരാൻ തുടങ്ങിയതെന്ന് ഞാൻ അനുമാനിക്കുന്നു.
മറ്റുള്ളവർ ഇതു വിശ്വസിക്കാൻ കൂട്ടാക്കിയേക്കില്ല. പക്ഷേ, സത്യമെന്താണെന്ന് ശാസ്ത്രം തെളിയിക്കും – അദ്ദേഹം കൂട്ടിച്ചേർത്തു.
വുഹാൻ നഗരത്തിലെ വൈറോളജി ലാബിൽനിന്നാണ് വൈറസ് പുറത്തുകടന്നതെന്ന വാദം നേരത്തേ തന്നെയുണ്ട്. വുഹാനിൽ പോയി പഠനം നടത്തിയ ലോകാരോഗ്യ സംഘടനാ ടീം വൈകാതെ റിപ്പോർട്ട് സമർപ്പിക്കും.