കൊച്ചി: കൊറോണ (കോവിഡ് 19) പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഏഴ് പേര്‍കൂടി നിരീക്ഷണത്തില്‍. നിരീക്ഷണ പട്ടികയില്‍നിന്ന് ഇന്നലെയും ആരെയും ഒഴിവാക്കിയിട്ടില്ലെന്നും കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ രണ്ട് പേര് നിരീക്ഷണത്തില്‍ കഴിയുന്നതായും അധികൃതര്‍ വ്യക്തമാക്കി.
ജില്ലയില്‍ നിലവില്‍ 132 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ആലപ്പുഴ എന്‍ഐവിയിലേക്ക് ഇന്നലെ 21 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ ഒരെണ്ണം പുന:പരിശോധനക്കായി അയച്ചതാണ്.
അതിനിടെ, ജില്ലയില്‍ കൊറോണ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്റെ അധ്യക്ഷതയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ യോഗം ചേര്‍ന്ന് സ്ഥിഗതികള്‍ വിലയിരുത്തി.
കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എയര്‍പോര്‍ട്ടിലും തുറമുഖത്തും നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. നിലവില്‍ എയര്‍പോര്‍ട്ടില്‍ അന്താരാഷ്ട്ര ടെര്‍മിനലില്‍ ആക്റ്റീവ് സര്‍വൈലന്‍സ് നടത്തുന്നുണ്ട്.
ഉംറ പ്രമാണിച്ചും ഗള്‍ഫ് മേഖലകളില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും കൂടുതല്‍ ആളുകള്‍ തിരികെയെത്താനുള്ള സാധ്യത കണക്കിലെടുത്തും ഡോക്ടര്‍മാര്‍ ഉള്‍പ്പെടയുള്ള സംഘത്തെ നിയോഗിച്ച് നിരീക്ഷണം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.
ആഭ്യന്തര ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്കിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താനും തീരുമാനമായി. ഇത് കൂടാതെ റെയില്‍വേ സ്റ്റേഷനിലും മെട്രോ സ്റ്റേഷനുകളിലും ഹെല്‍പ്പ് ഡെസ്ക്കുകള്‍ രൂപീകരിക്കും. നിലവില്‍ കളമശേരി മെഡിക്കല്‍ കോളജിലാണു ജില്ലയില്‍ ഐസൊലേഷന്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്.
ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഐസൊലേഷന്‍ സംവിധാനം സജ്ജമാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ നടന്നുവരുന്ന നിരീക്ഷണ പ്രവര്‍ത്തനങ്ങൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു.
അഡീ. ഡിഎംഒമാരായ ഡോ. ശ്രീദേവി , ഡോ. വിവേക് കുമാര്‍, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി, എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഹംസക്കോയ, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. റോയ് തോമസ്, നേവി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആനന്ദ്, കളമശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. പീറ്റര്‍ പി. വാഴയില്‍ കളമശേരി മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന് മേധാവി ഡോ . മജ്ഞുള, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ലാന്‍സി, ജില്ലാതല പ്രോഗ്രം ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അതിനിടെ, 26 കോളുകളാണ് ഇന്നലെ കൊറോണ കണ്ട്രോള് റൂമിലെത്തിയത്. സിംഗപ്പൂര്‍, മലേഷ്യ, ഇറ്റലി എന്നിവിടങ്ങളില്‍നിന്ന് എത്തിയാല്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമോ എന്നറിയാനും, കുവൈറ്റിലേക്ക് തിരികെ പോകാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് കഴിയുമോ എന്നറിയാനുമായിരുന്നു പ്രധാനമായും വിളികളെത്തിയത്. കണ്ട്രോള് റൂമിന്റെ സേവനങ്ങള്‍ 0484 2368802 എന്ന നമ്പറില്‍ ലഭ്യമാണ്.