കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം അയ്യായിരം പിന്നിട്ടു.
ഇന്നലെ 163 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗികളായത് 5,042 പേരാണ്. ഇതില്‍ 3,158 പേര് രോഗമുക്തി നേടിയപ്പോള്‍ 33 മരണങ്ങളും ജില്ലയില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗം പടര്‍ന്നത്. ഇന്നലെ 85 പേര്‍ക്ക് രോഗം ഭേദമായതില്‍ 83 പേര് ജില്ലയില്‍നിന്നുള്ളവരും ഒരാള്‍ ഇതരസംസ്ഥാനത്തുനിന്നും മറ്റൊരാള്‍ വേറെ ജില്ലക്കാരനുമാണ്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 920 പേരെകൂടി ജില്ലയില്‍ നിരീക്ഷണത്തിലാക്കി. വീടുകളില്‍ കഴിഞ്ഞിരുന്ന 1,004 പേരെ നിരീക്ഷണപ്പട്ടികയില്‍നിന്ന് ഒഴിവാക്കി.
നിലവില്‍ 16,029 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 13,699 പേര് വീടുകളിലും 151 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 2,179 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്നലെ 176 പേരെ പുതുതായി ആശുപത്രികളിലും എഫ്എല്റ്റിസികളിലുമായി പ്രവേശിപ്പിച്ചപ്പോള്‍ ഇവിടങ്ങളില്‍നിന്ന് 159 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
സമ്പര്‍ക്കത്തിലൂടെ ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന പൈങ്ങാട്ടൂര്, ചെങ്ങമനാട്, ഒക്കല്‍, വെങ്ങോല, മഴുവന്നൂര്‍, ആന്ധ്ര സ്വദേശികളും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കളമശേരി, കോട്ടയം, കുമ്പളങ്ങി,
പൂതൃക്ക സ്വദേശികളും പെരുമ്പാവൂരില്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനായ രായമംഗലം സ്വദേശി, വാരപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയായ പായിപ്ര സ്വദേശിനി, വടവുകോട് സ്വദേശിനിയായ ആശാപ്രവര്‍ത്തക എന്നിവരും
അഞ്ച് നാവികസേന ഉദ്യോഗസ്ഥരും പായിപ്ര സ്വദേശിയായ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. ഇന്നലെ 1,275 ഫലങ്ങളാണു ലഭിച്ചത്. ഇനി 622 ഫലങ്ങള്‍കൂടി ലഭിക്കാനുള്ളതായും അധികൃതര്‍ വ്യക്തമാക്കി.